സിജെപി ആർഎസ്എസ് പദ്ധതിയാണെന്ന് രാജ്യം തിരിച്ചറിയുമെന്ന് പി സരിൻ; 'അണ്ണാ ഹസാരെയെ പോലെ ബിജെപിക്ക് വിടുപണി ചെയ്യുന്നു'
ന്യൂഡൽഹി: ജനങ്ങളുടെ സമരങ്ങളെയും മുന്നേറ്റങ്ങളെയും വഴി തിരിച്ചുവിടാനാണ് സി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം നേതാവ് പി. സരിൻ. ആർ.എസ്.എസിന്‍റെ മറ്റൊരു പദ്ധതിയാണ് സി.ജെ.പിയെന്ന് രാജ്യം വൈകാതെ തിരിച്ചറിയുമെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു. അണ്ണാ ഹസാരെ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ചതുപോലെയാണ് സി.ജെ.പിയുടെ പ്രവർത്തനങ്ങളെന്നും സരിൻ പറഞ്ഞു.
''എങ്ങനെയായിരുന്നോ അണ്ണാ ഹസാരെ ബി.ജെ.പിക്ക് വിടുപണി ചെയ്തത്, എങ്ങനെയാണോ ആം ആദ്മി പാർട്ടിയെ ബി.ജെ.പി പൊക്കിക്കൊണ്ടുവന്ന് അടർത്തിയെടുത്തത് എന്നതുപോലെ ഇന്ത്യയിലെ ജനങ്ങളെ ഏറ്റെടുക്കാമെന്നാണ് ഇവർ കരുതുന്നത്.''-അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് പറഞ്ഞതുകേട്ട് കീഴടങ്ങുകയാണെങ്കിൽ ഇന്ത്യൻ ജനതക്ക് ഈ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെടും. അങ്ങനെ വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് സി.ജെ.പിയെ പോലുള്ളവർ മുതലെടുക്കുന്നത്. അതെന്തായാലും ഈ രാജ്യം ഇനി വകവെച്ച് കൊടുക്കാൻ പോകുന്നില്ല എന്നതാണ് ഈ സമരത്തിലൂടെ വ്യക്തമാകുന്നതെന്നും സരിൻ പറഞ്ഞു.
പൊലീസിന്റെ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകുന്ന പ്രക്ഷോഭം ഭരണഘടനയെ സംരക്ഷിക്കാനുള്ള അവസാനത്തെ 'വൺ ഫൈനൽ പുഷ്' ആണെന്നും, ഇതിൽ നിന്നും ഒരു കാരണവശാലും പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ‍്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇൻഡ്യ സഖ്യത്തിന്‍റെ ചലോ ദില്ലി മാർച്ചിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സരിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.