രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഓം പ്രകാശ് മാത്തൂർ
ആർലേക്കറെ മാറ്റി; കേരളത്തിന് പുതിയ ഗവർണർ ഓം പ്രകാശ് മാഥുർ
ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി. സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥുറിനെ കേരളത്തിന്റെ ഗവർണറായി നിയമിച്ചപ്പോൾ, നിലവിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ചുമതല വഹിച്ചിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാടിന്റെ സ്ഥിരം ഗവർണറായി നിയമിച്ചു. രാഷ്ട്രപതിഭവൻ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് ഗവർണർമാരെ നിയമിച്ചുള്ള പ്രഖ്യാപനം. പുതിയ ഗവർണർമാർ അതത് ഓഫീസുകളിൽ ചുമതലയേൽക്കുന്ന തീയതി മുതൽ നിയമനം പ്രാബല്യത്തിൽ വരുമെന്നും രാഷ്ട്രപതിഭവൻ അറിയിച്ചു.
സിക്കിം ഗവർണറായിരുന്ന മുതിർന്ന ബി.ജെ.പി നേതാവും രാജസ്ഥാനിൽ നിന്നുള്ള മുൻ രാജ്യസഭാ എം.പിയുമായ ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണറായി ചുമതലയേൽക്കും. 2024 ജൂലൈയിലാണ് അദ്ദേഹം സിക്കിം ഗവർണറായി ചുമതലയേറ്റത്. അതേസമയം, കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്നാട് സ്ഥിരം ഗവർണറായി നിയമിച്ചു. ആർ.എൻ. രവി പശ്ചിമ ബംഗാൾ ഗവർണറായി മാറിയതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ തമിഴ്നാടിന്റെ ചുമതലയും അദ്ദേഹം വഹിച്ചുവരികയായിരുന്നു. ഗോവ നിയമസഭാ സ്പീക്കർ, ഹിമാചൽ പ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളുടെ ഗവർണർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പലാമുവിൽ നിന്നുള്ള മുൻ ലോക്സഭാ എം.പിയായ ബ്രിജ് മോഹൻ റാം ഒഡീഷ ഗവർണറായി നിയമിതനായി. 2025 ജനുവരിയിൽ ഗവർണറായി ചുമതലയേറ്റ ഹരിബാബു കംഭമ്പട്ടിയുടെ പകരക്കാരനായാണ് നിയമനം. മഹേന്ദ്രഗഡിൽ നിന്നുള്ള മുൻ ബി.ജെ.പി എം.പിയും ദേശീയ പിന്നാക്ക വിഭാഗ കമീഷൻ മുൻ അംഗവുമായ സുധാ യാദവ് കർണാടക ഗവർണറായി ചുമതലയേൽക്കും. താവർചന്ദ് ഗെലോട്ടിന്റെ പിൻഗാമിയായാണ് സുധാ യാദവ് എത്തുന്നത്. കൂടാതെ, മധ്യപ്രദേശിലെ ബാലാഘട്ടിൽ നിന്നുള്ള മുൻ ലോക്സഭാ എം.പി ധാൽ സിങ് ബിസെൻ ഉത്തരാഖണ്ഡ് ഗവർണറായി ചുമതലയേൽക്കും. ലഫ്റ്റനന്റ് ജനറൽ (റിട്ട.) ഗുർമീത് സിംഗിന്റെ പകരക്കാരനായാണ് നിയമനം.
അതേസമയം ബി.ജെ.പി ദേശീയ മുൻ ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാ എം.പിയുമായ ദുഷ്യന്ത് ഗൗതം സിക്കിം ഗവർണറാകും. ഓം പ്രകാശ് മാഥൂർ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ഇദ്ദേഹത്തിന്റെ നിയമനം. എന്നാൽ, മാറ്റങ്ങൾ വന്ന ഹരിബാബു കംഭമ്പട്ടി, താവർചന്ദ് ഗെലോട്ട്, ഗുർമീത് സിങ് എന്നിവരുടെ അടുത്ത ചുമതലകളെക്കുറിച്ച് രാഷ്ട്രപതിഭവന്റെ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.