പിണറായിക്ക് നടക്കാൻ വയ്യ, എന്നിട്ടാണ് ഡൽഹിയിൽ പ്രതിഷേധിക്കുന്നത് -പരിഹസിച്ച് ബി.ജെ.പി നേതാവ് അശ്വിനി
കാസർകോട്: നടക്കാൻ വയ്യാത്ത പിണറായി വിജയനാണ് ഡൽഹിയിൽ പ്രതിഷേധിക്കാൻ പോയതെന്ന് ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി. എസ്.ഐ.ആർ തെറ്റാണെങ്കിൽ യു.ഡി.എഫ് -എൽ.ഡി.എഫ് എംഎൽഎമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടി കാസർകോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സ്വന്തം സംസ്ഥാനത്ത് നടക്കുന്ന അഴിമതികളും ക്രമക്കേടുകളും കാണാതെയാണ് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഡൽഹിയിൽ സമരം നടത്താൻ പോയതെന്നും അശ്വിനി പറഞ്ഞു. സ്വന്തം സംസ്ഥാനത്ത് മുൻ മുഖ്യമന്ത്രി ഒന്നാം പ്രതിയായി ഇ.ഡി കേസും എഫ്.ഐ.ആറും വന്നിരിക്കുന്ന സാഹചര്യമാണുള്ളത്. അഴിമതിക്കേസിൽ ഒന്നാം പ്രതിയായ പിണറായി വിജയനെ നിയമസഭയിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തയ്യാറാകണം. സ്വന്തം സംസ്ഥാനത്തെ അഴിമതികൾക്ക് മറുപടി പറഞ്ഞ ശേഷമായിരിക്കണം എസ്.ഐ.ആറിനെക്കുറിച്ച് സംസാരിക്കേണ്ടത്.
രാഹുൽ ഗാന്ധിയുടെ സ്വന്തം പാർട്ടിയിലെ എം.എൽ.എയും ജെ.എൻ.യു പ്രഫസറുമായ വ്യക്തിക്കെതിരെ 10 പെൺകുട്ടികൾ പരാതി നൽകിയതിനെ തുടർന്ന് ജെ.എൻ.യുവിൽ നിന്ന് അയാളെ പുറത്താക്കിയിട്ടുണ്ട്. സ്വന്തം പാർട്ടിയുടെ എം.എൽ.എയെ പുറത്താക്കാൻ രാഹുൽ ഗാന്ധിക്ക് നട്ടെല്ലുണ്ടോ? അത് ചെയ്തിട്ട് വേണം എസ്.ഐ.ആറിനെക്കുറിച്ച് സംസാരിക്കാൻ. സ്വന്തം പാർട്ടിയിലും സംസ്ഥാനത്തും ആദ്യം ശുദ്ധീകരണം നടത്തുകയാണ് വേണ്ടത്.
കള്ളപ്രചാരണങ്ങൾ നടത്തിയും പണവും ഭക്ഷണവും വാഗ്ദാനം ചെയ്തുമാണ് സി.ജെ.പിയുടെ പ്രക്ഷോഭങ്ങളിൽ ആളുകളെ എത്തിക്കുന്നത്. സമരം എന്തിനാണെന്ന് പോലും അറിയാതെയാണ് പല പാവപ്പെട്ട കുട്ടികളും ഇതിൽ പങ്കാളികളാകുന്നത്. കഴിഞ്ഞ ആഴ്ച ബംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ തങ്ങൾക്ക് സൗജന്യമായി വീട് ലഭിക്കാനുള്ള അപേക്ഷ സമർപ്പിക്കാനാണ് വന്നതെന്ന് പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിച്ച് നാടകവേദികൾ സൃഷ്ടിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്.
ബി.ജെ.പിയും എൻ.ഡി.എ സർക്കാരും നേരായ ജനാധിപത്യ വഴിയാണ് പിന്തുടരുന്നത്. ഒന്നോ രണ്ടോ ആളുകൾ നടത്തുന്ന പ്രതിഷേധങ്ങൾ രാജ്യത്തെ ബാധിക്കില്ല. എസ്.ഐ.ആർ നിയമവിരുദ്ധമാണെന്ന് കരുതുന്നുവെങ്കിൽ, ആദ്യം കാസർകോട് മണ്ഡലത്തിൽ നിന്ന് ജയിച്ച ജനപ്രതിനിധി രാജി വെക്കാൻ തയ്യാറാകണം. അതിനുശേഷമായിരിക്കണം എസ്.ഐ.ആറിനെക്കുറിച്ച് സംസാരിക്കേണ്ടത്’ -അശ്വിനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.