ഗ്യാനേഷ് കുമാർ യൂനിവേഴ്സിറ്റി ഹോസ്റ്റലിലാണോ താമസിക്കുന്നതെന്ന് വി. ജോയ്; ഞാൻ തമിഴ്നാട്ടിൽനിന്ന് പൊലീസിനെ ഇറക്കിയിട്ടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: പിണറായി സർക്കാർ 10 വർഷം ഭരിച്ചപ്പോഴുള്ള പൊലീസ് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും താൻ തമിഴ്നാട്ടിൽനിന്നൊന്നും പൊലീസിനെ ഇങ്ങോട്ട് ഇറക്കിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നനിത്തല. യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ സംഘർഷവും പൊലീസ് നടപടിയും സംബന്ധിച്ച ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിഷയം നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. സ്പീക്കർ അവതരണാനുമതി നിഷേധിച്ചതോടെ വാദപ്രതിവാദങ്ങൾക്ക് ശേഷം പ്രതിപക്ഷം സഭവിട്ടിറങ്ങി. പൊലീസും യൂത്ത് കോൺഗ്രസും സംയുക്തമായി നടത്തിയ സർക്കാർ സ്പോൺസേഡ് നരനായാട്ടാണ് ഹോസ്റ്റലിൽ നടന്നതെന്ന് നോട്ടീസ് അവതരിപ്പിച്ച് വി. ജോയ് കുറ്റപ്പെടുത്തി.
ഗ്യാനേഷ് കുമാറിനെതിരെ സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂനിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് പന്തമെറിയാൻ ഗ്യാനേഷ് കുമാറും അമിത് ഷായും യൂനിവേഴ്സിറ്റി ഹോസ്റ്റലിലാണോ താമസിക്കുന്നത്?. കത്തിച്ച മുഴുവൻ പന്തവും 400ഓളം കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് യൂത്ത് കോൺഗ്രസുകാർ വലിച്ചെറിയുകയായിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചുവരുത്തിയ എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിയെയും ക്രൂരമായി മർദിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് പോലും യൂത്ത് കോൺഗ്രസുകാർ വളഞ്ഞിട്ടു. വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ച സി.ഐയെയും എസ്.ഐയെയും സർക്കാർ സംരക്ഷിക്കുന്നതിന് എന്തിനെന്നും ജോയ് ചോദിച്ചു.
ഗ്യാനേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിനുനേരെ യൂനിവേഴ്സിറ്റി ഹോസ്റ്റലിൽനിന്ന് ബിയർ കുപ്പിയും കല്ലേറുമുണ്ടായെന്നും ഇതാണ് സംഘർഷത്തിന് കാരണമായ പ്രകോപനമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഗ്യാനേഷിനെതിരായ സമരത്തിനുനേരെ എന്തിന് എസ്.എഫ്.ഐക്കാർ കുപ്പിയെറിയണം?. ഇവിടെ ഒരു കൊലപാതകം നടക്കുമെന്നാണ് സ്ഥലത്തെത്തിയ സി.പി.എം ജില്ല സെക്രട്ടറി കൂടിയായ വി. ജോയ് പൊലീസുകാരോട് പറഞ്ഞത്.
പത്തനംതിട്ടയിൽ ഡി.വൈ.എഫ്.ഐക്കാർ ഗ്യാനേഷ് കുമാറിതിരെ സമരം ചെയ്തെങ്കിലും അടി കിട്ടിയത് ശാന്തകുമാർ എം.എൽ.എയുടെ പി.എക്കാണ്. ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സി.ജെ.പി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എടുത്ത എല്ലാ കേസുകളും സുപ്രീംകോടതി പറയും മുമ്പേ പിൻവലിച്ചിട്ടുണ്ട്. പൊലീസ് ഫോണിലൂടെ വെല്ലുവിളിച്ചതിനെ ന്യായീകരിക്കുന്നില്ല. ഇക്കാര്യം അന്വേഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. റിപ്പോർട്ട് കിട്ടിയാൽ തുടർനടപടിയുണ്ടാകും.
എസ്.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷങ്ങളുടെ പേരിൽ ഇരുവിഭാഗത്തിലെയും 75 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.