തെലങ്കാനക്ക് പിന്നാലെ കിറ്റക്സിനെ തേടി ആന്ധ്രപ്രദേശ്

കിഴക്കമ്പലം: തെലങ്കാനക്ക് പിന്നാലെ കിറ്റെക്സിനെ തേടി ആന്ധ്രപ്രദേശ്. മുഖ്യമന്ത്രി ചന്ദ്രബാബുവിന്‍റെ നിർദേശപ്രകാരം ടെക്സ്റ്റൈൽസ് മന്ത്രി എസ്. സവിത കിഴക്കമ്പലത്ത് എത്തി കിറ്റെക്സ് എം.ഡി സാബു എം. ജേക്കബിനെ ആന്ധ്രയിലേക്ക് ക്ഷണിച്ചു. സമർപ്പിത പാർക്കുകൾ, സംയോജിത വസ്ത്ര ക്ലസ്റ്ററുകൾ, സമൃദ്ധമായ ഭൂമി, തൊഴിലാളികൾ, പരുത്തി ലഭ്യത, മികച്ച തുറമുഖ, റോഡ് കണക്റ്റിവിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ആന്ധ്രാപ്രദേശ് വാഗ്ദാനം ചെയ്തു.

തെലങ്കാനയിലെ പദ്ധതിയോടെ വസ്ത്ര മേഖലയിലെ ഒന്നാം സ്​ഥാനക്കാരായി കിറ്റെക്സ് മാറുകയാണ്. അതുകൊണ്ടാണ് ആന്ധ്രാപ്രദേശിൽ നിക്ഷേപിക്കാനും സംസ്ഥാനത്തെ തുണിത്തര മേഖലയുടെ വികാസത്തിന് നേതൃത്വം നൽകാനും കിറ്റെക്സിനെ ക്ഷണിക്കാൻ കിഴക്കമ്പലത്ത് എത്തിയതെന്ന് സവിത പറഞ്ഞു.

തെലങ്കാനയിൽ വിപുലീകരണം പൂർത്തിയാകുന്നതോടെ, പ്രതിദിനം 3.1 ദശലക്ഷം വസ്ത്രങ്ങൾ നിർമിക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വസ്ത്ര നിർമാതാക്കളായി മാറുമെന്നാണ്​ കിറ്റെക്സ്​ പ്രതീക്ഷിക്കുന്നത്​. യു.കെ, യു.എസ്​.എ എന്നിവയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) യാഥാർഥ്യമായാൽ തീരുവ കാര്യമായി കുറഞ്ഞേക്കാമെന്നും​ സാബു എം.​ ജേക്കബ്​ പറഞ്ഞു.
ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ടെക്സ്റ്റൈൽസ്​ മേഖലയിൽ നിരവധി വികസനങ്ങൾക്ക് ആന്ധ്രാപ്രദേശ് തുടക്കമിടുകയാണ്. ഈ വളർച്ചയുടെ ഭാഗമാകാൻ, കിറ്റെക്സ് പോലുള്ള കമ്പനികളെ സംസ്ഥാനത്ത് നിക്ഷേപിക്കാൻ ക്ഷണിക്കുകയാണെന്നാണ്​​ മന്ത്രി അറിയിച്ചതെന്ന്​ സാബു എം. ജേക്കബ്​ പറഞ്ഞു. ആന്ധ്ര മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക്​ ശേഷമേ കൂടുതൽ പറയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - After Telangana, Andhra Pradesh seeks Kitex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.