അനന്തു അജി 

അനന്തുവിന്‍റെ ആത്മഹത്യ: ആർ.എസ്.എസ് പ്രവർത്തകൻ ഒളിവിലെന്ന് സൂചന; ആത്മഹത്യപ്രേരണ കുറ്റം നിലനിൽക്കില്ലെന്ന് നിയമോപദേശം

കോട്ടയം: ആർ.എസ്.എസിനെതിരെ ആരോപണമുന്നയിച്ചശേഷം ജീവനൊടുക്കിയ അനന്തു അജി വിഡിയോയിൽ പേര് വെളിപ്പെടുത്തിയ നിധീഷ് മുരളീധരനെ വിശദമായി ചോദ്യംചെയ്യാൻ പൊലീസ്. എന്നാൽ, ഇയാൾ ഒളിവിൽപോയതായാണ് വിവരം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ഇയാളെ പ്രതിയാക്കാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നെങ്കിലും ആ വകുപ്പ് നിലനിൽക്കില്ലെന്ന നിയമോപദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതിന്‍റെ അടിസ്ഥാനത്തിൽ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് കേസെടുക്കാമെന്നാണ് നിയമോപദേശം. പൊലീസ് അതിനുള്ള നീക്കം തുടങ്ങി. ദിവസങ്ങൾക്കുമുമ്പ് ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശി അനന്തു അജി ഇൻസ്റ്റഗ്രാം പോസ്റ്റിൽ എൻ.എം എന്നാണ് തന്നെ പീഡിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകന്‍റെ പേര് വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോയിലാണ് തന്നെ പീഡിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകന്‍റെ പേര് നിധീഷ് മുരളീധരൻ എന്നാണെന്നും എല്ലാവരും കണ്ണൻ ചേട്ടനെന്നാണ് വിളിക്കുന്നതെന്നും വ്യക്തമായത്. എൻ.എം എന്ന സൂചനയിൽനിന്ന് പൊലീസ് നിതീഷിനെ കണ്ടെത്തുകയും പ്രാഥമികമായി ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

ഇക്കാര്യങ്ങളെല്ലാം നിധീഷ് അന്ന് പൊലീസിനോട്‌ നിഷേധിക്കുകയുണ്ടായി. എന്നാൽ, കഴിഞ്ഞ ദിവസം അനന്തുവിന്റെ മരണമൊഴിയെന്ന പേരിൽ വിഡിയോ പുറത്തുവരുകയും അതിൽ ലൈംഗികമായി ചൂഷണംചെയ്ത ആളിന്റെ പേര് വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് നിധീഷിന് കുരുക്ക് മുറുകിയത്. കഴിഞ്ഞ ദിവസം അനന്തുവിന്റെ മാതാവിന്‍റെയും സഹോദരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയിലും നിധീഷിനെക്കുറിച്ച് വിവരങ്ങളുണ്ടെന്നാണ് വിവരം. സംഭവത്തിൽ കുടുംബം നേരിട്ട് ഇപ്പോഴും പരാതി നൽകിയിട്ടില്ല.

വിഡിയോ പുറത്തുവന്നതോടെ ആർ.എസ്.എസും വെട്ടിലായിരിക്കുകയാണ്. ആർ.എസ്.എസ് നേതൃത്വം പരസ്യപ്രതികരണത്തിന് ഇതുവരെ തയാറായിട്ടില്ല. അനന്തുവിന്‍റേത് ആർ.എസ്.എസ് കുടുംബമാണെന്നും 24കാരന്‍റെ പിതാവ് ആർ.എസ്.എസ് പ്രവർത്തകനായിരുന്നെന്നുമായിരുന്നു ആർ.എസ്.എസ് നേതൃത്വം ദിവസങ്ങൾക്കുമുമ്പ് അവകാശപ്പെട്ടത്. എന്നാൽ, ആർ.എസ്.എസിനും പ്രവർത്തകനുമെതിരെ രൂക്ഷവിമർശനം നടത്തിയശേഷമാണ് അനന്തു തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. നിലവിൽ തമ്പാനൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Tags:    
News Summary - Ananthu's suicide: RSS worker is absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.