‘സുപ്രീംകോടതിയിൽ നിന്നുണ്ടായത് നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവ്’; അബ്ദുന്നാസിർ മഅ്ദനി നാട്ടിലേക്ക് പുറപ്പെട്ടു

ബെം​ഗളൂരു: സ്ഥിരമായി കേരളത്തിൽ കഴിയാൻ സുപ്രീംകോടതി അനുമതി നൽകിയ പശ്ചാത്തലത്തിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് പുറപ്പെട്ടു. 11.40ന് വിമാനം കയറി 12.40ന് തിരുവനന്തപുരത്തെത്തും.

നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന് മഅ്ദനി പറഞ്ഞു. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആരോഗ്യ പ്രശ്നങ്ങളടക്കം നിരവധി വൈഷമ്യങ്ങൾ ഉണ്ടായി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നാട്ടിൽ പോകാൻ സാധിച്ചത്. ഇപ്പോൾ നാട്ടിൽ പോകാൻ കഴിഞ്ഞതിൽ സന്തോഷവും സമാധാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തുനിന്ന് കാറിലാണ് അൻവാര്‍ശേരിയിലേക്ക് പോകുക. രോഗബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂവെന്നാണ് സൂചന.

കൊല്ലം ജില്ല വിട്ടുപോകരുതെന്ന ഉപാധിയിൽ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞദിവസം ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. ചികിത്സക്കായി വേണമെങ്കിൽ പൊലീസ് അനുമതിയോടെ കൊല്ലത്തിന് പുറത്തേക്ക് പോകാനും സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. വിചാരണ പൂർത്തിയായത് കണക്കിലെടുത്താണ് 2014 ജൂലൈ 11ന് പുറപ്പെടുവിച്ച ജാമ്യവ്യവസ്ഥ പരിഷ്‌കരിച്ച് ഉത്തരവിട്ടത്.

കിടപ്പിലായ പിതാവിനെ സന്ദര്‍ശിക്കാൻ ഏപ്രില്‍ 17ന് മഅ്ദനിക്ക് സുപ്രീംകോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നല്‍കിയിരുന്നു. എന്നാല്‍, സുരക്ഷാ ചെലവിനത്തില്‍ അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ 60 ലക്ഷം രൂപ ഒടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ യാത്ര ഒഴിവാക്കി. കോൺഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഇക്കാര്യത്തില്‍ ഇളവ് നൽകിയതോടെ ജൂൺ 26ന് അദ്ദേഹം ബംഗളൂരുവിൽനിന്ന് വിമാനമാർഗം കൊച്ചിയിൽ എത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ യാത്ര ചെയ്യാനായില്ല. ഒടുവിൽ പിതാവിനെ കാണാനാകാതെ ബംഗളൂരുവിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

Tags:    
News Summary - 'An order from the Supreme Court that uplifts the dignity of the judiciary'; Abdulnasir Madani left for home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.