2021ൽ സിയാലിൽ 10 ലക്ഷം യാത്രക്കാരുടെ വർധനവ്

നെടുമ്പാശേരി: തുടർച്ചയായി മഹാമാരി സൃഷ്ടിച്ച ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും വിമാന സർവീസുകളുടേയും യാത്രക്കാരുടേയും എണ്ണത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) വളർച്ച രേഖപ്പെടുത്തി. 2021ൽ 43,06,661 യാത്രക്കാരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. 2020ൽ ഇത് 33,37,830 ആയിരുന്നു. സുസ്ഥിരമായ വളർച്ചാ നിരക്കോടെ, 2021ലും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ മൂന്നാമത്തെ തിരക്കുള്ള വിമാനത്താവളമെന്ന സ്ഥാനം സിയാൽ നിലനിർത്തി.

2021ൽ 18,69,690 രാജ്യാന്തര യാത്രക്കാരെയാണ് ആണ് സിയാൽ കൈകാര്യം ചെയ്‌തത്. അത് 2020ൽ 14,82,004 ആയിരുന്നു. വിമാന സർവീസുകൾ 2020ലെ 30,737 ൽ 2021ൽ 41,437 ആയി ഉയർന്നു. കൂടുതൽ എയർലൈനുകളെ ആകർഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികളാണ് എയർ ട്രാഫിക് വളർച്ച കൈവരിക്കാൻ സഹായിച്ചതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. എല്ലാ അന്താരാഷ്ട്ര ട്രാവൽ ഹബ്ബുകളിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ സാധിച്ചു.

ഗൾഫ് രാജങ്ങളിലേക്ക് നിലവിൽ ആഴ്ചയിൽ 185 സർവീസുകൾക്ക്‌ സിയാൽ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ യൂറോപ്പ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. 2021 പകുതിയോടെ ലണ്ടനിലേയും സിംഗപ്പൂരിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ സിയാൽ പുനരാരംഭിച്ചു. എയർ അറേബ്യ, ഷാർജ സർവീസുകൾക്ക് പുറമെ ഇന്ത്യയിൽ നിന്ന് ആദ്യമായി അബുദാബിയിലേക്കുള്ള പ്രതിദിന സർവീസും തുടങ്ങി പകർച്ചവ്യാധിക്ക് മുമ്പുള്ള കാലഘട്ടത്തിന് സമാനമായ വളർച്ചയാണ് ആഭ്യന്തര മേഖലയിൽ ഇപ്പോൾ ഉണ്ടായത്.

2021 ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വന്ന ശൈത്യകാല ഷെഡ്യൂൾ പ്രകാരം ഒരു ദിവസം 50 ഡിപ്പാർച്ചർ സർവീസുകൾ ഇപ്പോൾ സിയാലിൽ നിന്നുമുണ്ട്‌. യു.എ.ഇയുടെ പരമോന്നത ഡിസാസ്റ്റർ മാനേജ്‌മെന്‍റ് കൗൺസിലിന്‍റെ മാർഗനിർദ്ദേശങ്ങളോടുള്ള സിയാലിന്‍റെ സമയോചിതമായ പ്രതികരണം ജൂലൈ മുതൽ തന്നെ യു.എ.ഇ സേവനങ്ങൾ ആരംഭിക്കുന്നതിന് സിയാലിനെ സഹായിച്ചു. യാത്രക്കാർക്ക് സൗകര്യമൊരുക്കി കൊണ്ട് സിയാൽ റാപ്പിഡ് പി.സി.ആർ, ആർ.ടി.പി.സി.ആർ പരിശോധനകകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള മൂന്ന് ടെസ്റ്റിങ് ലാബുകളിൽ ഒരേസമയം 900 പരിശോധനകൾ നടത്താം.

Tags:    
News Summary - An increase of 10 lakh passengers in CIAL by 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.