കൽപറ്റ: ദുരന്തങ്ങൾ സ്ഥിരമായ കേരളത്തിലെ അഗ്നിരക്ഷസേനയുടെ വിപുലീകരണത്തിനും ആധുനികവത്കരണത്തിനുമായി 64.21 കോടി രൂപ കൂടി അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമീഷൻ നിർദേശങ്ങൾക്കനുസരിച്ചാണ് രണ്ടാം ഘട്ടമായി സഹായധനം അനുവദിച്ചത്. സേനയുടെ സമൂലമായ ആധുനിക വത്കരണത്തിനായി കേന്ദ്രവും സംസ്ഥാനവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
അനുവദിച്ച തുകയിൽ 47.74 കോടി ധനകാര്യ കമീഷന്റെ ഗ്രാന്റായി കേന്ദ്രസർക്കാറാണ് നൽകിയത്. ദേശീയ ദുരന്തനിവാരണ നിധിയിൽ (എൻ.ഡി.ആർ.എഫ്) നിന്നുള്ള കേരളത്തിന്റെ വിഹിതമായ 16.47 കോടിയും അനുവദിച്ചു. രണ്ടുംകൂടി ചേർത്തുള്ള 64.21 കോടി ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് ഡയറക്ടർ ജനറലിനാണ് അനുവദിച്ചിരിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റി ഫിനാൻസ് ഓഫിസർ ഈ തുക സംസ്ഥാന ദുരന്തനിവാരണ നിധിയിൽ (എസ്.ഡി.ആർ.എഫ്) നിന്നാണ് കൈമാറുകയെന്നും വകുപ്പിന്റെ പുതിയ ഉത്തരവിൽ പറയുന്നു.
മുണ്ടക്കൈ ഉരുൾദുരന്തം, കള്ളാടി തുരങ്കദുരന്തം, നിലവിലെ മഴക്കെടുതി തുടങ്ങിയ സംഭവങ്ങളിൽ അഗ്നിരക്ഷസേന വൻ രക്ഷാപ്രവർത്തനമാണ് നടത്തുന്നത്. എന്നാൽ, ആവശ്യമായ ഉപകരണങ്ങളില്ലാത്തതടക്കമുള്ള സേനയുടെ പ്രതിസന്ധി പരിഹരിക്കാനാണ് ആധുനികവത്കരണം നടപ്പാക്കുന്നത്.
കേരളത്തിൽ നിലവിൽ 133 ഫയർ സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്. പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കൽ, സ്കൈ ലിഫ്റ്റുകൾ, സ്മോൾ ലിഫ്റ്റുകൾ, ഹൈഡ്രോളിക് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങൽ, ഫയർമാൻമാരുടെയും ഉദ്യോഗസ്ഥരുടെയും ഒഴിവുകൾ നികത്തി സേനയെ ശക്തിപ്പെടുത്തൽ, പ്രഫഷനൽ മികവ് ഉയർത്തൽ തുടങ്ങിയവയാണ് ആധുനികവത്കരണത്തിന്റെ ഭാഗമായി നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.