തിരുവനന്തപുരം: എം.വി.ഡി ‘അമ്നസ്റ്റി സ്കീം 2026’ ഇന്ന് അവസാനിക്കും. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക പകുതിയായി കുറക്കുന്ന പദ്ധതിയാണ് ‘അമ്നസ്റ്റി സ്കീം 2026’ എന്നത്. പിഴ തുകയുടെ 50 ശതമാനം അടച്ച് നിയമനടപടികൾ അവസാനിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ പിഴ ലഭിച്ചവർക്ക് 250 രൂപ അടച്ചാൽ മതിയാകും. ദീർഘകാലമായി തീർപ്പാക്കാത്ത കേസുകളും സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങിയ ചലാനുകളും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
2024 ഡിസംബർ 31 വരെ പൊലീസോ മോട്ടോർ വാഹന വകുപ്പോ ചുമത്തിയ പിഴകൾക്ക് മാത്രമാണ് ഇളവ് ബാധകം. വേർച്വൽ കോടതിയിലേക്ക് കൈമാറിയ ശേഷം സമയ പരിധിക്കുള്ളിൽ അടക്കാത്ത ചലാനുകൾ 50 ശതമാനം ഇളവിൽ തീർപ്പാക്കാം. കോടതി നേരിട്ട് പരിഗണിക്കുന്ന കേസുകൾക്ക് ഇളവ് ബാധകമല്ല. പോർട്ടൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം പിഴ അടക്കാൻ കഴിയാത്തവർക്കും ഈ അദാലത്ത് ആശ്വാസമാകും. പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 27 മുതൽ 30 വരെ കൊച്ചി കലക്ടറേറ്റിലെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫിസിൽ അദാലത്ത് നടന്നു.
രാവിലെ 10.30 മുതൽ വൈകീട്ട് അഞ്ചു വരെ പരാതികൾ അറിയിക്കാനും പിഴയടക്കാനും പറ്റുക. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഓൺലൈനായി ഇളവുകളോടെ പിഴയടക്കാം. ഏപ്രിൽ 30ന് ശേഷം പിഴത്തുക മുഴുവനായും അടയ്‌ക്കേണ്ടി വരും. അതിനാൽ പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചു.
അതേസമയം, രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ യുവാക്കൾ നടത്തുന്ന പ്രകടനങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. സംസ്ഥാനത്ത് തിരക്കേറിയ റോഡുകളിലാണ് ഇത്തരം അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. ഘടനാപരമായ മാറ്റം വരുത്തുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ എണ്ണം വർധിക്കുന്നുണ്ട്. രൂപത്തിൽ മാറ്റം വരുത്തുന്നതിനൊപ്പം വാഹനത്തിന്റെ സൈലൻസറിന്റെ പ്ലൂട്ട് കേട് വരുത്തി കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്നതാണ് ഇവരുടെ രീതി. ഡീ കംപ്രഷൻ ബോക്സിൽ അകത്തേക്കുള്ള എക്സ്ഹോസ്റ്റ് പുറത്തേക്കാക്കി ക്രമീകരിച്ചും, പ്രത്യകതരം സൈലൻസർ ഘടിപ്പിച്ചുമാണ് പ്രകടനം നടത്തുന്നത്. ഘടനാമാറ്റം വരുത്തിയ ബൈക്കിൽ മൂന്നും നാലും പേരാണ് യാത്ര ചെയ്യുന്നത്. പൊലീസ് കൈ കാണിച്ചാൽ പോലും നിർത്താറില്ല. ഇതിനെതിരെ കർശന പരിശോധന നടത്തുമെന്നും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.