അമ്മച്ചിയുടെ ഞെട്ടിച്ച ചോദ്യം -അബിൻ വർക്കി

പത്തനംതിട്ട: ആറന്മുളയിൽ യു.ഡി.എഫ് സ്ഥാനാർഥി തന്റെ പ്രചാരണ അനുഭവങ്ങൾ പങ്കുവെക്കുന്നു: ഞാൻ മൽസരിച്ച ആറൻമുളയിലെ സജീവ കോൺഗ്രസ് പ്രവർത്തകർക്കല്ലാതെ നല്ലൊരു പങ്ക് ആൾക്കാർക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംവരെ എന്നെ നേരിട്ട് കണ്ട ചരിചയമില്ലായിരുന്നു. അതുകൊണ്ട തന്നെ എന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലം മുഴുവൻ കളർ പോസ്റ്ററുകൾ നിറഞ്ഞു. അതുകണ്ടാണ് കൂടുതൽ ആളുകൾക്കും മണ്ഡലത്തിൽ ഞാനുമായുള്ള പരിചയം. പ്രചരണത്തിന് ഉണ്ടായിരുന്നത് വളരെ കുറച്ചുദിവസങ്ങളും. കനത്ത ചൂടിൽ ഞാനും പ്രവർത്തകരും ഏറെ ബുദ്ധിമുട്ടി. ആഴ്ചകളോളം നടന്ന പ്രചരണത്തിൽ എന്‍റെ മുഖമെല്ലാം കരുവാളിച്ചു തുടങ്ങിയിരുന്നു. ഉറക്കം പോലും വളരെ കുറച്ചുസമയത്തേക്ക് മാത്രമായി. പ്രചരണ തിരക്കിൽ പലപ്പോഴും ഭക്ഷണം ഉപേക്ഷിക്കേണ്ടതായും വന്നു. ഇതെല്ലാം കാരണം എന്‍റെ ശരീരവും ചെറിയതോതിൽ ക്ഷീണിച്ചു തുടങ്ങിയിരുന്നു. അതിനിടയിലായിരുന്നു മുനിസിപ്പൽ പ്രദേശത്തെ എന്‍റെ സ്വീകരണ പര്യടനം.

അവിടെ വാഹനത്തിൽ നിന്നിറങ്ങി ഒരു പ്രായമേറിയ അമ്മച്ചിയുടെ അടുത്തേക്ക് ചെന്ന് എന്നെ പരിചയപ്പെടുത്തിയത്. ആ അമ്മച്ചി ആകെപ്പാടെ എന്നെ നോക്കിയിട്ട് ഒരു ചോദ്യം ‘ഇതാണോ അബിൻ വർക്കി? പോസ്റ്ററിൽ കണ്ടയാൾ ഇതല്ലല്ലോ’. അമ്മച്ചി പറഞ്ഞത് നൂറുശതമാനം സത്യം ആണ്. പോസ്റ്ററിൽ കണ്ട് മനസിൽ പതിച്ചിരുന്ന ആ സുന്ദര മുഖക്കാരനല്ല നേരിട്ട് കണ്ട് അമ്മച്ചിയോട് വോട്ട് ചോദിച്ചത്. ചൂടുകാലത്തെ പ്രചരണം കാരണം പോസ്റ്ററിലെ എന്‍റെ സുന്ദരമുഖമൊക്കെ ആകെപ്പാടെ മാറിയെന്ന് മാത്രമല്ല ശരീരം മെലിഞ്ഞുതുടങ്ങുകയും ചെയ്തിരുന്നു. ഇതാണ് അമ്മച്ചിയുടെ സംശയത്തിന് കാരണമായത്. എന്തായാലും ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ രക്ഷക്കെത്തി. അമ്മച്ചിയുടെ മുന്നിൽ നിൽക്കുന്ന ഞാൻ തന്നെയാണ് യഥാർഥ അബിൻ വർക്കിയെന്നും പ്രചരണം കാരണം ക്ഷീണിച്ചുപോയതാണെന്നും അവർ അമ്മച്ചിയെ ബോധ്യപ്പെടുത്തി. എന്തായാലും ആ അമ്മച്ചി എന്‍റെ കൈപിടിച്ച ശേഷം വളരെ സന്തോഷത്തോടെയാണ് അവിടെ നിന്ന് പോയത്. ആ പ്രായമായ അമ്മച്ചിയുടെ മുഖം ഇപ്പോഴും എന്‍റെ മനസിൽ നിറഞ്ഞുനിൽപ്പുണ്ട്; ഒപ്പം രസകരമായ ആ ചോദ്യങ്ങളും.  

Tags:    
News Summary - Ammachi’s Shocking Question - Abin Varkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.