കേരള നിയമസഭ
തിരുവനന്തപുരം: കാർഷിക, പാർപ്പിട ആവശ്യങ്ങൾക്കായി പതിച്ചുനൽകിയ പട്ടയഭൂമിയിൽ നിർമിച്ച അനധികൃത കെട്ടിടങ്ങൾ പിഴയൊടുക്കി ക്രമവത്കരിക്കാനുള്ള ഭൂപതിവ് നിയമത്തിലെ ചട്ടഭേദഗതി മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്കെത്തി. 2023 സെപ്റ്റംബറിൽ നിയമസഭ പാസാക്കിയ നിയമത്തിനനുസൃതമായി തയാറാക്കിയ ചട്ടങ്ങളിലെ ഭേദഗതിയാണ് പരിഗണിച്ചത്.
നിയമം പാസാക്കിയതോടെ പട്ടയഭൂമിയിൽ അനധികൃതമായി നിർമിച്ച പാർട്ടി ഓഫിസുകൾ, റിസോർട്ടുകൾ ഉൾപ്പെടെ കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ വഴിയൊരുങ്ങിയിരുന്നു. കാർഷിക ആവശ്യങ്ങൾക്ക് നൽകിയ ഭൂമിയിൽ വീടോ മറ്റ് കെട്ടിടങ്ങളോ, വീട് വെക്കാൻ നൽകിയ ഭൂമിയിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളോ പണിതത് ക്രമവത്കരിക്കാൻ ലക്ഷ്യമിടുന്നതായിരുന്നു 2023ലെ ഭൂപതിവ് നിയമഭേദഗതി.
അനധികൃത കെട്ടിടത്തിന്റെ ചതുരശ്ര അടി കണക്കാക്കി ഭൂമിയുടെ ന്യായവിലയുടെ നിശ്ചിത ശതമാനം തുക പിഴ ഈടാക്കി ക്രമവത്കരിക്കുന്നതാണ് ചട്ടഭേദഗതി. മന്ത്രിസഭ കുറിപ്പ് ചൊവ്വാഴ്ച വൈകിയാണ് ലഭിച്ചതെന്നും വിഷയം പഠിക്കാൻ കൂടുതൽ സമയം വേണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് അജണ്ട അടുത്ത മന്ത്രിസഭ യോഗത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
1500 ചതുരശ്ര അടി വരെ വിസ്തീർണമുള്ള കെട്ടിടങ്ങൾ സൗജന്യമായും അതിന് മുകളിലുള്ളവക്ക് അഞ്ച് സ്ലാബുകൾ നിശ്ചയിച്ചും ക്രമപ്പെടുത്താനാണ് മന്ത്രിസഭക്ക് മുന്നിൽ വന്ന നിർദേശം. ഇതിനായി 1960ലെ കേരള ഭൂപതിവ് നിയമത്തിലെ ചട്ടങ്ങളാണ് ഭേദഗതി ചെയ്യുക.
1500-3000 ചതുരശ്ര അടിവരെയുള്ളവക്ക് ഭൂമിയുടെ ന്യായവിലയുടെ അഞ്ച് ശതമാനവും 3000-5000 ചതുരശ്ര അടിയിലുള്ളവക്ക് പത്ത് ശതമാനം, 5000-10,000 ചതുരശ്ര അടിയിലുള്ളവക്ക് 20 ശതമാനം, 10,000-20,000 അടിയിലുള്ളവക്ക് 40 ശതമാനം, 20,000-40,000 ചതുരശ്ര അടിയിലുള്ളവക്ക് 50 ശതമാനം, 50,000ന് മുകളിലുള്ളവക്ക് ന്യായവിലയുടെ നൂറ് ശതമാനം എന്നിങ്ങനെയാണ് ക്രമപ്പെടുത്തൽ ഫീസ്.
തുക അടച്ച് 90 ദിവസത്തിനകം ക്രമപ്പെടുത്തി നൽകിയില്ലെങ്കിൽ ക്രമപ്പെടുത്തിയതായി കണക്കാക്കാനും ചട്ടഭേദഗതിയിൽ വ്യവസ്ഥയുണ്ട്. നിയമം പാസാക്കിയെങ്കിലും ഇത് പ്രാബല്യത്തിൽ വരുത്താൻ ആവശ്യമായ ചട്ടഭേദഗതി വൈകുന്നതിൽ വിമർശനമുയർന്നിരുന്നു.
ആശുപത്രി, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, കാർഷികാവശ്യത്തിനുള്ള കെട്ടിടങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവക്ക് ക്രമപ്പെടുത്തൽ സൗജന്യമായിരിക്കും.
ക്ലബ്, രാഷ്ട്രീയ പാർട്ടികളുടെ ഓഫിസ്, മത-സമുദായ സംഘടനകളുടെ ഓഫിസ് തുടങ്ങിയവക്ക് വിസ്തീർണത്തിന്റെ അളവ് പരിഗണിക്കാതെ ഒരു ശതമാനമാണ് ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.