അമ്പലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ കേന്ദ്രസേനയെ വിന്യസികണമെന്നാവശ്യപ്പെട്ട് ജി. സുധാകരൻ ഹൈകോടതിയിൽ ഹരജി നൽകി. തനിക്ക് വോട്ടു ചെയ്യുന്നതിന് ഭീഷണിയുണ്ടെന്നും തന്നെ തടയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സമാധാനത്തോടെ വോട്ടു ചെയ്യുന്നതിന് സൗകര്യമൊരുക്കണമെന്നുമാണ് ഹരജിയിലെ വാദങ്ങൾ. മണ്ഡലത്തിലെ 195 ബൂത്തുകൾക്കും സേന സംരക്ഷണം നൽകണം.
നാലുതവണ താൻ എം.എൽ.എയായും രണ്ടുതവണ മന്ത്രിയുമായി പ്രവർത്തിച്ചിട്ടുണ്ട്. ഈ സ്ഥാനങ്ങൾ വഹിച്ചത് സമയത്ത് താൻ സി.പി.എം എന്ന പാർട്ടിയിൽ അംഗമായിരുന്നു. എന്നാൽ. ഇത്തവണ താൻ യു.ഡി.എഫ് സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നത്. യു.ഡി.എഫ് കേന്ദ്രത്തിൽ എത്തിയതിന് ശേഷം തനിക്ക് നേരെ ഭീഷണി ഉയരുന്നുണ്ട്. തനിക്ക് മാത്രമല്ല കൂടെയുള്ളവർക്കും ഭീഷണിയുണ്ടെന്നും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും ഹൈകോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു.
സി.പി.എം ഏരിയാ കമ്മിറ്റിയംഗം പ്രശാന്ത് എസ്. കുട്ടി, ലോക്കൽ കമ്മിറ്റിയംഗം അരുൺ ലാൽ, എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി റിയാസ് കെ. പൊന്നാടത്ത് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി നൽകിയത്. തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ടു ചെയ്യാൻ വരുന്നവരെ മുന്നുപേരും തടയുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. തന്നെ പൊലെ എം.എൽ.എയും മന്ത്രിയുമായ ഒരാളെ രാഷ്ട്രീയ പാർട്ടികൾ തടയുമെന്ന് പറയുന്നത്, മുഴുവൻ ഉദ്യോഗസ്ഥരെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിയായതുകൊണ്ടാണ്.
പരാതികൾ നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടയുണ്ടാകുന്നില്ല. തെരഞ്ഞെടുപ്പ് ദിവസം ക്രമസമാധാന പ്രശ്നമുണ്ടാക്കാനും വോട്ടർമാരെ തടയാനുമുള്ള ശ്രമങ്ങളുണ്ടെന്നത് ആശങ്കക്കിടയാക്കുന്നു. എല്ലാ വോട്ടർമാർക്കും നിർഭയം വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.