നഗ്നനാക്കി ക്രൂര മർദനം, നിലത്തിട്ട് വലിച്ചിഴച്ചു; അടൂരിൽ അല്‍ഷിമേഴ്‌സ് രോഗിയായ മുന്‍ ബി.എസ്.എഫ് ജവാന് നേരെ കൊടും ക്രൂരത

പത്തനംതിട്ട: അൽഷിമേഴ്സ് രോഗിക്ക് ഹോം നഴ്സിന്റെ ക്രൂര മർദനം. അടൂർ സ്വദേശിയും മുന്‍ ബി.എസ്.എഫ് ജവാൻ ശശിധരൻപിള്ളയാണ് (59) ക്രൂരകൃത്യത്തിന് ഇരയായത്. സി.സി.ടി.വിയിലൂടെയാണ് ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചത്. പരാതിയെ തുടർന്ന് ഹോം നഴ്സ് പത്തനാപുരം കുന്നിക്കോട് സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടുദിവസം മുൻപാണ് ശശിധരൻ പിള്ള ക്രൂരമർദനത്തിനിരയായത്. ഈ സമയം ബന്ധുക്കൾ തിരുവനന്തപുരത്തായിരുന്നു. രോഗിയെ നഗ്നനാക്കി മർദിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. രോഗി അബോധാവസ്ഥയിലായതിനെ തുടർന്ന് നിലത്ത് വീണ് ബോധംപോയെന്ന് പറഞ്ഞ് വിഷ്ണു ബന്ധുക്കളെ വിളിച്ചു വരുത്തുകയായിരുന്നു.

ബന്ധുക്കൾ എത്തിയാണ് അടൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, ശശിധരൻ പിള്ളയുടെ ദേഹത്തുള്ള പരിക്കുകൾ നിലത്തുവീണപ്പോൾ സംഭവിച്ചതല്ലെന്ന് ഡോക്ടർ പറഞ്ഞതോടെയാണ് ബന്ധുക്കൾ സി.സി.ടി.വി പരിശോധിക്കുന്നത്. നഗ്നനാക്കി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടതോടെ പൊലീസിൽ പരാതി നൽകുകായായിരുന്നു.

വിമുക്ത ഭടനായ ശശിധരൻ പിള്ളക്ക് രണ്ടുവർഷം മുൻപാണ് അൽഷിമേഴ്സ് ബാധിക്കുന്നത്. അടൂരിലെ ഫ്ലാറ്റിലാണ് കഴിയുന്നത്.


Tags:    
News Summary - Alzheimer's patient brutally beaten by home nurse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.