കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്നരവയസുകാരി കല്യാണിയുടെ മരണത്തിൽ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തും. ഭർതൃവീട്ടിലെ പ്രശ്നങ്ങളും പൊലീസ് അന്വേഷിക്കും. കുട്ടിയെ പുഴയിലെറിഞ്ഞതായി സന്ധ്യ മൊഴിനൽകിയതിനെ തുടർന്നുള്ള തിരച്ചിലിൽ ഇന്ന് പുലർച്ചെ 2.20ഓടെയാണ് മൂഴിക്കുളം പാലത്തിന് സമീപത്തുനിന്ന് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. സന്ധ്യക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
മറ്റക്കുഴി കീഴ്പിള്ളില്‍ സുഭാഷാണ് സന്ധ്യയുടെ ഭർത്താവ്. ഭർത്താവുമായുള്ള അകൽച്ചയെ തുടർന്ന് സന്ധ്യ കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ വൈകീട്ട് 3.30ഓടെ പണിക്കരുപടിയിലുള്ള അംഗൻവാടിയിൽ നിന്ന് സന്ധ്യ കല്യാണിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. എന്നാൽ, വൈകീട്ട് തനിച്ചാണ് സന്ധ്യ വീട്ടിലെത്തിയത്. കുഞ്ഞെവിടെയെന്ന് ബന്ധുക്കൾ ചോദിച്ചപ്പോൾ ബസ് യാത്രക്കിടെ കാണാതായെന്നായിരുന്നു സന്ധ്യയുടെ മറുപടി. തുടർന്ന് പൊലീസിനെ അറിയിക്കുകയും വ്യാപക തിരച്ചിൽ നടത്തുകയുമായിരുന്നു.
പൊലീസ് ചോദ്യംചെയ്യലിനിടെയാണ് കുഞ്ഞിനെ മൂഴിക്കുളത്ത് പുഴയിൽ ഉപേക്ഷിച്ചതായി സന്ധ്യ മൊഴിനൽകിയത്. മൂഴിക്കുളത്ത് കുഞ്ഞുമായി എത്തുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സന്ധ്യയെ പൊലീസ് സ്ഥലത്തെത്തിച്ച് ഇവർ കാണിച്ച സ്ഥലത്തും തിരച്ചിൽ നടത്തി. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് പ്രതികൂല കാലാവസ്ഥയിലും തിരച്ചിൽ നടത്തിയത്. തിരച്ചില്‍ തുടങ്ങി മൂന്നു മണിക്കൂറിനുള്ളിലാണ് കുഞ്ഞുണ്ണിക്കര യു.കെ സ്‌കൂബ ടീം മൃതദേഹം കണ്ടെത്തിയത്.
മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞുകിടക്കുകയായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.