ടി.വി.കെ റോഡ് ഷോയിൽ വിജയ്നൊപ്പം നയീം മൂസ (ഇടത്)
കോഴിക്കോട്: ബിഗ് സ്ക്രീനിൽ കാവലനായി നിറഞ്ഞാടിയ ഇളയ ദളപതി തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണും കാതുമായി സുരക്ഷയൊരുക്കുന്ന ഒരു മലയാളിയും തമിഴ് മണ്ണിൽ താരമാണിപ്പോൾ. രണ്ടു വർഷം മുമ്പ് രൂപവത്കരിച്ച തമിഴക വെട്രി കഴകം (ടി.വി.കെ) എന്ന പാർട്ടി കുറഞ്ഞനാളുകൾകൊണ്ട് തമിഴ്നാടിന്റെ ഭരണം പിടിച്ച് അധികാരത്തിലേറുമ്പോൾ ഈ ജൈത്രയാത്രയിൽ വിജയിയുടെ ഇടവും വലവുമായി മാഹിക്കാരൻ നയീം മൂസയെന്ന മലയാളി സ്വകാര്യ അംഗരക്ഷകനുണ്ട്. പതിനായിരത്തോളം ആരാധകർ ഒഴുകിയെത്തുന്ന റാലികളിലും, ജനക്കൂട്ടം നിറഞ്ഞ സമ്മേളനങ്ങളിലും, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലുമെല്ലാം വിജയിയുടെ മുഖ്യ ബോഡി ഗാർഡായി സുരക്ഷയൊരുക്കിയ നയീം ഇന്ന് തമിഴ്നാട്ടിൽ ആരാധകരേറെയുള്ള താരമായി വളർന്നുകഴിഞ്ഞു.
ആയിരങ്ങൾ തിങ്ങിനിറഞ്ഞ റാലികൾക്ക് നടുവിലൂടെ തുറന്ന വാഹനത്തിൽ നീങ്ങുന്ന വിജയ്ക്കു നേരെ ആരാധകർ എറിയുന്ന പൂമാലകളും പൂക്കളും മിന്നൽവേഗത്തിൽ കൈക്കലാക്കുന്ന അംഗരക്ഷകനെയാണ് തമിഴർ ആദ്യം കണ്ടത്. പൊലീസ് ഉൾപ്പെടെ ഔദ്യോഗിക സുരക്ഷാ സംവിധാനങ്ങളെയും വെല്ലുന്ന ജാഗ്രതയും, കണിശമായ ശരീരഭാഷയുംകൊണ്ട് താരത്തെ പോലെ സ്വകാര്യ അംഗരക്ഷകനും ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധനേടി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ തമിഴ്നാട്ടിലുടനീളമായി വിജയ് നടത്തിയ റോഡ് ഷോകളിലും റാലികളിലും വാഹനത്തിന് മുകളിൽ വലതുവശത്തുതന്നെയായിരുന്നു കറുത്ത ഷർട്ടും, കറുത്ത ഗ്ലാസും അണിഞ്ഞ് നയീമിന്റെ സ്ഥാനം. ഏറ്റവും ഒടുവിൽ രാജ്യത്തെത്തന്നെ അതിശയിപ്പിച്ച തെരഞ്ഞെടുപ്പ് ഫലത്തിനൊടുവിൽ ഞായറാഴ്ച പകൽ വിജയ് സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കുമ്പോൾ ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലും പ്രിയ താരത്തിന് കരുതലിന്റെ കണ്ണും കാതുമായി നഈം മൂസയുണ്ടായിരുന്നു.
ഹോളിവുഡിലെയും ബോളിവുഡിലെയും താരങ്ങൾ മുതൽ ഡേവിഡ് ബെക്കാം ഉൾപ്പെടെ ലോകോത്തര താരങ്ങൾക്കു വരെ സുരക്ഷയൊരുക്കുന്ന ദുബൈ ആസ്ഥാനമായ ജെൻഡർ സെക്യൂരി സർവിസസ് എന്ന സ്വകാര്യ സുരക്ഷാ ഏജൻസിയുടെ ഉടമയാണ് നയീം മൂസ. വിൽ സ്മിത്ത്, ടോം ക്രൂസ്, ജസ്റ്റിൻ ബീബർ എന്നിവർ മുതൽ ഷാറൂഖ് ഖാൻ, വിരാട് കോഹ്‍ലി, റൊണാൾഡീന്യോ വരെ വി.വി.ഐ.പികളുടെ ദുബൈ സന്ദർശന വേളകളിൽ കുറ്റമറ്റ സ്വകാര്യ സുരക്ഷയൊരുക്കി ശ്രദ്ധേയനായാണ് നയീം വിജയിയുടെയും ഇഷ്ടക്കാരനായി മാറുന്നത്. വിജയ് രാഷ്ട്രീയ പ്രവേശം നടത്തിയപ്പോൾ സുരക്ഷാ ഗാർഡായി നഈമിനെ ക്ഷണിക്കുകയായിരുന്നു. ഇതോടെ, കഴിഞ്ഞ രണ്ടു വർഷത്തെ വിജയിയുടെ രാഷ്ട്രീയ യാത്രയിൽ ഇടം വലമായി നഈമും അദ്ദേഹത്തിന്റെ സംഘവുമുണ്ട്. കുടുംബസമേതം ദുബൈയിൽതന്നെയാണ് താമസം. ഭാര്യ ഫൈറൂസ നയീം കൊയിലാണ്ടി സ്വദേശിനി. ഏക മകൻ നൈമൂർ നയീം മൂസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.