ഉളിയാഴത്തുറ വില്ലേജ് ഓഫീസിലെ ജീവനക്കാർക്കെതിരായ ആരോപണം: അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു

തിരുവനന്തപുരം: ഉളിയാഴത്തുറ വില്ലേജ് ഓഫീസിലെ ജീവനക്കാർക്കെതിരായ ആരോപണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ജീവനക്കാർക്കെതിരായ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ 2022 ആഗസ്റ്റ് അഞ്ചിന് വിജിലൻസ് ദക്ഷിണമേഖലാ യൂനിറ്റിൻറെ നേതൃത്വത്തിൽ ഉളിയാഴത്തുറ വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയിരുന്നു.

റിപ്പോർട്ട് പ്രകാരം വില്ലേജ് ഓഫീസർ പി. രഞ്ജിത്ത് ഹാജർ രേഖപ്പെടുത്തുകയോ ക്യാഷ് ഡിക്ലറേഷൻ ചെയ്യുകയോ 2002 വർഷം കാഷ്വൽ ലീവ് രജിസ്റ്ററിൽ യാതൊരു ലീവും പതിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ഓഫീസിൽ ലഭിക്കുന്ന അപേക്ഷകൾ രജിസ്റ്ററിൽ രേഖപ്പെടുത്താതെ സൂക്ഷിച്ചിരിക്കുന്നതായും ഭൂമി തരം മാറ്റുന്നതിനായി 2022 വർഷത്തിൽ ഓൺലൈനായി ലഭിച്ച 134 അപേക്ഷകളിൽ 32 എണ്ണത്തിൽ മാത്രമേ നടപടി സ്വീകരിച്ചിട്ടുള്ളു.

വില്ലേജ് ഓഫീസിൽ 2022 ആഗസ്റ്റ് ഒന്ന് മുതൽ 2022 ആഗസ്റ്റ് നാലുവരെ കരം ഒടുക്ക് ഇനത്തിൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ ജയരാജ് 1190 രൂപയും വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് മുജീബ് റഹ്മാൻ 2553 രൂപയും വില്ലേജ് അസിസ്റ്റൻറ് വില്ലേജ് അസിസ്റ്റന്റ് മുഹമ്മദ് സിയാദ് 1275 രൂപയും ഈടാക്കിയിട്ടുണ്ടെങ്കിലും ഈ തുക ബാങ്കിൽ അടക്കുകയോ പരിശോധന സമയം അവരുടെ കൈവശം കാണപ്പെടുകയോ ചെയ്തിട്ടില്ല.

നാൾവഴി രജിസ്റ്ററിൽ 2022 ജൂലൈ 30 വരെ മാത്രമേ രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുള്ളൂവെന്നും ഈ രജിസ്റ്ററിൻറെ പേജുകൾ ഒന്നിലും വില്ലേജ് ഓഫീസർ ഒപ്പ് വച്ചിട്ടില്ലെന്നും വില്ലേജ് ഓഫീസറുടെ മേശക്കുള്ളിൽ നിരവധി രജിസ്റ്റേർഡ് തപാലുകളും ഓർഡിനറി തപാലുകളും പൊട്ടിച്ച് നോക്കാതെ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. സ്പെഷ്യൽ വില്ലേജ് ഓഫീസർ ജയരാജൻെറ മേശക്കുള്ളിലും പുറത്തുമായി നിരവധി അപേക്ഷകൾ വില്ലേജ് ഓഫീസർ ഇൻഷ്യൽ ചെയ്യാതെയും രജിസ്റ്ററിൽ പതിക്കാതെയും സൂക്ഷിച്ചിരിക്കുന്നതായും മിന്നൽ പരിശോധനയിൽ വ്യക്തമായി.

ഈ അപാകതകൾക്ക് ഉത്തരവാദികളായ ഉളിയാഴത്തുറ വില്ലേജ് ഓഫീസർ പി. രഞ്ജിത്ത് സ്പെഷ്യൽ വില്ലേജ് ഓഫീസർ എസ്. ജയരാജ്, അസിസ്റ്റൻറ് എം. മുഹമ്മദ് സിയാദ്, ഫീൽഡ് അസിസ്റ്റന്റ്റ് മുജീബ് റഹ്മാൻ എന്നിവർ ഉത്തരവാദികളായതിനാൽ ആരോപണ വിധേയർക്കെതിരെ കർശന വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കേണ്ടതാണെന്ന് വിജിലൻസ് ഡയറക്ടർ ശിപാർശ നൽകി.

ഉളിയാഴത്തുറ വില്ലേജിലെ ജീവനക്കാരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി വ്യക്തമായ സാഹചര്യത്തിൽ ആരോപണ വിധേയർക്കെതിരെ കഠിന ശിക്ഷക്കുള്ള നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ തീരുമാനിച്ചു. ഉദ്യോഗസ്ഥർ സമർപ്പിച്ച പ്രതിവാദ പത്രികകളിലെ വാദങ്ങൾ തൃപ്തികരമല്ല. അതിനാൽ, ഈ വിഷയത്തിൽ ചട്ടപ്രകാരമുള്ള ഔപചാരിക അന്വേഷണം നടത്തുന്നതിന് സർക്കാർ തീരുമാനിച്ചു.

ഈ വിഷയത്തിൽ ഔപചാരിക അന്വേഷണ ഉദ്യോഗസ്ഥനായി നിലവിൽ ദക്ഷിണ മേഖലാ വിജിലൻസ് ഡെപ്യൂട്ടി കലക്ടറായ ഐ. വിജയനെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. അന്വേഷണ സർക്കുലറിലെ വ്യവസ്ഥകളും പാലിച്ചു രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കണം. 

Tags:    
News Summary - Allegations against employees of Uliyazhathura Village Office: Investigating officer appointed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.