ശുചീകരണത്തിന് നാടാകെ രംഗത്തിറങ്ങണം: സര്‍വകക്ഷി യോഗം

തിരുവനന്തപുരം: പനിയും മറ്റുപകര്‍ച്ച വ്യാധികളും തടയുന്നതിന് ജനങ്ങളാകെ ശുചീകരണത്തിന് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്തു.  ജൂണ്‍ 27, 28, 29 തീയതികളില്‍ നടക്കുന്ന ശുചീകരണം വിജയിപ്പിക്കാനും പ്രാദേശിക തലത്തില്‍ ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകാനും യോഗം അഭ്യര്‍ഥിച്ചു.

ശുചീകരണത്തിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് ജൂണ്‍ 27ന് മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജനപങ്കാളിത്തത്തോടെ നടത്തുന്ന ത്രിദിന ശുചീകരണത്തില്‍ എന്‍സിസി, സ്കൗട്ട്, സ്റ്റുഡന്‍റ് കാഡറ്റ് എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ വിദ്യാര്‍ഥികളെയാകെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.  

രോഗം നിയന്ത്രിക്കുന്നതിന് സ്വകാര്യ ആശുപത്രികളുടെ കൂടി സേവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചികിത്സ തേടി വരുന്ന ആരെയും തിരിച്ചയക്കരുതെന്നും കൂടുതല്‍ സൗകര്യം താല്‍ക്കാലികമായി ഉണ്ടാക്കണമെന്നും സ്വകാര്യ ആശുപത്രികളോട് സര്‍ക്കാര്‍ അഭ്യര്‍ഥിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉച്ചയ്ക്ക് ശേഷവും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തും.  റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. അതിന് തടസ്സങ്ങളുണ്ടെങ്കില്‍ മാറ്റും. വീടുകള്‍ സന്ദര്‍ശിച്ച് പൊതുജനാരോഗ്യ പ്രവര്‍ത്തനം നടത്തേണ്ട ജീവനക്കാര്‍ വീടുകളില്‍ പോകാതെ ആശുപത്രിയിലും ഓഫീസിലും തുടരുന്ന സ്ഥിതി ഒഴിവാക്കും. വീടുകള്‍ സന്ദര്‍ശിക്കേണ്ടവര്‍ ആ ജോലി തന്നെ ചെയ്യണം. 

രോഗം നിയന്ത്രിക്കുന്നതിന് ഹോമിയോപ്പതി, ആയുര്‍വേദം എന്നീ ശാഖകളെ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തനം സംഘടിപ്പിക്കും.  ആരോഗ്യ വകുപ്പിന്‍റെ സബ് സെന്‍ററുകളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശുചീകരണത്തിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിനും നേരത്തെ നല്‍കിയ തുകയ്ക്ക് പുറമെ 25,000 രൂപ കൂടി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.  ആ തുക തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അവരുടെ പദ്ധതി വിഹിതത്തില്‍ നിന്ന് ചെലവഴിക്കാം. സര്‍ക്കാര്‍ തിരിച്ചുനല്‍കും.  

മാലിന്യ സംസ്കരണത്തിന് കേന്ദ്രീകൃത സംവിധാനം പ്രധാന നഗരങ്ങളില്‍ ഉണ്ടാക്കും.  പൊതുമരാമത്ത് വകുപ്പിന്‍റെ ഓടകള്‍ വൃത്തിയാക്കാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  തിരുവനന്തപുരം നഗരത്തില്‍ മാലിന്യ പ്രശ്നം രൂക്ഷമാണ്.  അത് പരിഹരിക്കാന്‍ പ്രത്യേകമായി ഇടപെടും. താല്‍ക്കാലികമായി 500 പേരെ ശുചീകരണത്തിന് നിയമിക്കാന്‍ തിരുവനന്തുപരം കോര്‍പറേഷന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.   

ശുചീകരണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും തദ്ദേശസ്വയംഭരണ വകുപ്പ് സജീവമായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.  പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടര്‍, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ് വീതവും സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഡോക്ടര്‍മാര്‍, രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫ് വീതവും താല്‍ക്കാലികമായി നിയമിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.  അതുസംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 

രോഗികളുടെ ബാഹുല്യം കാരണം ആശുപത്രികളില്‍ സ്ഥലമില്ലാതെ വരികയാണെങ്കില്‍ ആശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം ഉപയോഗിക്കണം.  ആശുപത്രി പരിസരത്ത് തന്നെ താല്‍ക്കാലിക സൗകര്യമുണ്ടാക്കുകയുമാവാം. സംസ്ഥാന തലത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരുവനന്തുപുരത്ത് രോഗ നിയന്ത്രണ സെല്‍ പ്രവര്‍ത്തിക്കും. ജില്ലകളില്‍ ഡിഎംഒ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. 

യോഗത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ, തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കെപിസിസി പ്രസിഡണ്ട് എം എം ഹസ്സന്‍, പ്രകാശ് ബാബു (സിപിഐ) ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍, കെ കൃഷ്ണന്‍ കുട്ടി എംഎല്‍എ (ജനതാദള്‍), വി എസ് ശിവകുമാര്‍ (കോണ്‍ഗ്രസ്), പി കെ ആനന്ദക്കുട്ടന്‍ (എന്‍സിപി), ബീമാപള്ളി റഷീദ് (മുസ്ലിം ലീഗ്) വിജയന്‍ പിള്ള എംഎല്‍എ (സിഎംപി), ഡോ. എന്‍ ജയരാജ് (കേരള കോണ്‍ഗ്രസ്-എം), ജോര്‍ജ് തോമസ് (ജെഡിയു), സി വേണുഗോപാലന്‍ നയാര്‍ (കേരള കോണ്‍ഗ്രസ്-ബി), വി എസ് മനോജ്കുമാര്‍( കേരള കോണ്‍ഗ്രസ് -ജേക്കബ്), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ്-എസ്), ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - All party Meeting On Fever Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.