ആലപ്പുഴ: ചെങ്ങന്നൂർ നഗർ സമിതി അംഗമായിരുന്ന ആറന്മുള കോട്ട ശ്രീശൈലം വീട്ടിൽ വിശാലിനെ കുത്തിക്കൊന്ന കേസിൽ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ 19 പ്രതികളും. മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
വിധി നിരാശാജനകമാണെന്നും അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികളെ ശിക്ഷിക്കുംവരെ പോരാട്ടം തുടരുമെന്ന് എ.ബി.വി.പി പ്രതികരിച്ചു.
2012 ജൂലൈ 16നാണ് ചെങ്ങന്നൂര്‍ ക്രിസ്ത്യൻ കോളജില്‍ ബിരുദ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാൻ ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിശാലിന് (19) കുത്തേറ്റത്. കൂടെയുണ്ടായിരുന്ന എ.ബി.വി.പി. പ്രവർത്തകരായ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ വിശാല്‍ സുഹൃത്തിനോട് വെളിപ്പെടുത്തുകയായിരുന്നു.
കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചുമാണ് അന്വേഷിച്ചത്. മുൻകൂട്ടി തീരുമാനിച്ചപ്രകാരം സ്ഥലത്തെത്തിയ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.