മുൻപ് കേക്ക് കൊണ്ടുപോയിക്കൊടുത്താണ് പ്രശ്നം പരിഹിരിച്ചത്; ഗവർണറെ പരിഹസിച്ച് എ.കെ ബാലൻ

തിരുവനന്തപുരം: ഗവർണറെ പരസ്യമായി പരിഹസിച്ച് മുതിർന്ന സി.പി.എം നേതാവ് എ.കെ ബാലൻ. മുൻപ് ഇതുപോലെ പ്രശ്നം ഉണ്ടായപ്പോൾ താനും കൃഷിമന്ത്രിയും ചേർന്ന് കേക്ക് കൊണ്ടുപോയി കൊടുത്താണ് പ്രശ്നം പരിഹരിച്ചതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ അതൊക്കെ പരിഹിരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം താനും അന്നത്തെ കൃഷിവകുപ്പ് മന്ത്രിയും ചേർന്നുകണ്ട് കേക്ക് കൊടുത്ത് പ്രശ്നം പരിഹരിച്ചു. നാടകീയമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. അദ്ദേഹത്തിന് ഇടക്ക് പരിഭവം, ദ്വേഷ്യം, സ്നേഹം ഒക്കെ ഉണ്ടാകും. എന്തു പ്രശ്നങ്ങളുണ്ടായാലും മുഖ്യമന്ത്രി ഫോണിൽ വിളിച്ചാലും പോയിക്കണ്ടാലും പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഉണ്ടായിട്ടുള്ളൂ. ഇപ്പോഴും മുഖ്യമന്ത്രി പോയിക്കണ്ട് സർക്കാരിന്‍റെ നിലപാട് പറഞ്ഞ് ബോധ്യപ്പെടുത്തി. അദ്ദേഹം ഒപ്പിട്ടു. അതുകൊണ്ട് എന്താണ് പ്രശ്നം?' എ. കെ ബാലൻ ചോദിച്ചു.

ഗവർണറുമായി പല സമയത്തും അഭിപ്രായവിത്യാസം ഉണ്ടായിരുന്നുവെങ്കിലും പാർട്ടി പ്രതിനിധികളാരും ഗവർണർക്കെതിരെ ഇതുവരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല. നയപ്രഖ്യാപന പ്രസംഗ സമയത്ത് ഭരണപക്ഷ അംഗങ്ങൾ വല്ലാത്ത നിസംഗതയാണ് പ്രകടിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. നയപ്രഖ്യാപന പ്രസംഗം തുടങ്ങുന്നതിന് മുൻപുതന്നെ 'ഗവർണർ ഗോ ബാക്' വിളിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭ വിട്ടിറങ്ങിയിരുന്നു. കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗമെത്തിയപ്പോഴും സിൽവർ ലൈനിനെ അനുകൂലിച്ച് സംസാരിക്കുമ്പോഴും കേരള സർക്കാറിന്‍റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറയുമ്പോഴും ഭരണപക്ഷ അംഗങ്ങൽ ഡസ്കിലടിക്കുകയോ സന്തോഷം പ്രകടിപ്പിക്കുകയോ ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്. 

Tags:    
News Summary - AK Balan mocks the Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.