കൊല്ലം: വൈകാരിക നിമിഷമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് ശ്രീമതി ടീച്ചറുടെ പ്രതികരണം. എന്നാൽ, സെക്രട്ടേറിയറ്റിൽ നിന്ന് പുറത്തായ എ.കെ.ബാലൻ വാക്കുകൾ കിട്ടാതെ മാധ്യമങ്ങൾക്ക് മുൻപിൽ വിതുമ്പുകയായിരുന്നു.
പ്രതിനിധി സമ്മേളനം നടന്ന കോടിയേരി ബാലകൃഷ്ണൻ നഗറിൽ പതാക ഉയർത്തിയതും പിന്നീട് സമ്മേളനത്തിൽ താൽക്കാലിക അധ്യക്ഷന്റെ സ്ഥാനം വഹിച്ചതും നാലാംദിവസം പ്രസീഡിയം അംഗങ്ങൾക്ക് നന്ദി പറഞ്ഞ് സമ്മേളനം അവസാനിപ്പിച്ചതും എ.കെ. ബാലനായിരുന്നു.
കണ്ഠമിടറാതെ ഇതിലെല്ലാം സംസാരിച്ച അദ്ദേഹം, ഒടുവിൽ സ്റ്റേജിൽനിന്ന് ഇറങ്ങുമ്പോഴാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ വിതുമ്പിയത്. എന്തിനോടും പ്രതികരിക്കുകയും മൂർച്ചയുള്ള വാക്കുകൾക്ക് പിശുക്കുകാട്ടുകയും ചെയ്യാത്ത എ.കെ. ബാലൻ, അഞ്ചുപതിറ്റാണ്ട് മുമ്പ് ബ്രണ്ണൻ കോളജിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനത്തിനൊടുവിൽ നേതൃസ്ഥാനങ്ങളിൽനിന്ന് പടി ഇറങ്ങേണ്ടിവന്നതിനെക്കുറിച്ച് എന്തു പറയുന്നുവെന്ന ചോദ്യത്തിന് മുന്നിലാണ് വിതുമ്പിയത്.
മറുപടി പറയാൻ ആഞ്ഞ് അൽപനേരം മൗനംപാലിച്ച അദ്ദേഹം, പിന്നീട് ഒന്നും പറയാനാവാതെ മുന്നോട്ട് നീങ്ങുകയായിരുന്നു. തുടർന്നും മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചെങ്കിലും ചിരിക്കാൻ ശ്രമിച്ച് അതിനും കഴിയാതെ കൈ ഉയർത്തി വിതുമ്പി സംസാരിക്കാനാവില്ലെന്ന് ആംഗ്യം കാട്ടി അദ്ദേഹം നടന്നുമറഞ്ഞു. ഇ.എം.എസ്, നായനാർ, വി.എസ് എന്നിവരടക്കമുള്ളവർക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവെച്ചാണ് പി.കെ. ശ്രീമതി സ്ഥാനനഷ്ടത്തിൽ പ്രതികരിച്ചത്. എപ്പോഴും ഒരേ ആളുകൾതന്നെ നേതൃനിരയിൽ തുടരുന്നത് ശരിയല്ലെന്നും പുതിയ ആളുകൾ വരേണ്ടതുണ്ടെന്നും അതിന് അവസരം സൃഷ്ടിക്കാനായതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.