കെ. സുധാകരൻ പാളിപ്പൊളിഞ്ഞ മരണക്കിണറ്റിലെ മോട്ടോർ സൈക്കിളുകാരൻ; കോൺഗ്രസിനെ രക്ഷിക്കാനാവില്ല -എ.കെ ബാലൻ

തിരുവനന്തപുരം: കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരന് സാധിക്കില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. പാളിപ്പൊളിഞ്ഞ മരണക്കിണറ്റിലെ മോട്ടോർ സൈക്കിളുകാരനാണ് സുധാകരൻ. ജന്മത്തിൽ കോൺഗ്രസിനെ രക്ഷപ്പെടുത്താൻ അദ്ദേഹത്തിന് സാധിക്കില്ലെന്നും എ.കെ ബാലൻ പറഞ്ഞു.

എം.വി ഗോവിന്ദന്‍റെ പ്രസ്താവന തറവാടിത്തം ഇല്ലാത്തത് കൊണ്ടാണെന്നാണ് സുധാകരൻ പറഞ്ഞത്. ചെത്തുകാരന്‍റെ മകനാണെന്നാണ് പിണറായി വിജയനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ഇത് പറയാൻ സാധിക്കുന്ന വാചകമാണോ എന്നും എ.കെ ബാലൻ ചോദിച്ചു.

എം.വി ഗോവിന്ദൻ കേരളത്തിലെ സി.പി.എമ്മിന്‍റെ നേതാവാണ്. നാടുവാഴി തറവാടിത്തം അദ്ദേഹത്തിനില്ല, തൊഴിലാളി വർഗ തറവാടിത്തമാണുള്ളത്. ആ തറവാടിത്തം നൂറ് ജന്മം കിട്ടിയാലും മറ്റുള്ളവർക്ക് ലഭിക്കില്ല. സുധാകരന്‍റെ പ്രസ്താവനക്കെതിരെ കോൺഗ്രസിന്‍റെ ഉള്ളിൽ നിന്നും അസംതൃപ്തി ഉണ്ടായിട്ടുണ്ടെന്നും എ.കെ ബാലൻ വ്യക്തമാക്കി.

ഒരു പത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് എം.വി ഗോവിന്ദൻ സംസാരിച്ചത്. വ്യാജ രേഖ കേസിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് സി.പി.എമ്മും എസ്.എഫ്.ഐയും സ്വീകരിച്ചിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം നടക്കെട്ടെ എന്നും എ.കെ ബാലൻ ചൂണ്ടിക്കാട്ടി.

അടുത്ത സുഹൃത്തായ കെ. സുധാകരനെ തനിക്ക് നന്നായിട്ടറിയാം. സുധാകരന്‍റെ കൂടെ താൻ പഠിച്ചിരുന്നു. അദ്ദേഹവുമായി രണ്ട് കൊല്ലം പിണങ്ങിയും മൂന്ന് കൊല്ലം ഇണങ്ങിയുമാണ് പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്.യുവിനെ തകർത്ത് തന്നെ കോളജ് ചെയർമാനാക്കുന്നതിന് പരോഷമായി സഹായിച്ചിട്ടുണ്ടെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.

ആരോപണ വിധേയനായ നിഖിൽ തോമസിനെതിരെ നടപടിയെടുത്തു. ഇതിൽ കൂടുതൽ ഇക്കാര്യത്തിൽ എസ്.എഫ്.ഐക്ക് ഒന്നും ചെയ്യാനാവില്ല. എസ്.എഫ്.ഐക്കെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ ഒട്ടുമിക്ക കോളജുകളും എസ്.എഫ്.ഐയുടെ കീഴിലാണ്. ഇടതുപക്ഷക്കാരല്ലാത്തവർ പോലും എസ്.എഫ്.ഐയിലേക്ക് ആകർഷിക്കുന്നു. കെ.എസ്.യുവിനെ മൂലക്കിരുത്തി ഈ നിലയിലേക്ക് എത്തിച്ചത് എസ്.എഫ്.ഐയുടെ മിടുക്കാണ്.

വിദ്യാർഥികൾക്കിടയിൽ കെ.എസ്.യു ഒറ്റപ്പെട്ടതിന് എസ്.എഫ്.ഐയോട് അസൂയപ്പെട്ടിട്ട് കാര്യമില്ല. ആരുടെ ഭാഗത്ത് നിന്നും എന്ത് നീക്കമുണ്ടായാലും ചെറുത്ത് തോൽപിക്കാൻ എസ്.എഫ്.ഐക്ക് കഴിയുമെന്നും എ.കെ ബാലൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - AK Balan attack to K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.