ബാലനെതിരായ പ്രതിഷേധം സി.പി.എമ്മിനെ അറിയിക്കാന്‍ സി.പി.ഐ

തിരുവനന്തപുരം: മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. രാജുവിനുമെതിരായ മന്ത്രി എ.കെ. ബാലന്‍െറ വിമര്‍ശനത്തിലെ പ്രതിഷേധം സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ സി.പി.ഐ അറിയിക്കും. 1977 ജനുവരി ഒന്നിനുമുമ്പ് കൃഷിഭൂമി കൈവശം വെച്ചവര്‍ക്ക് എത്രയും വേഗം പട്ടയം നല്‍കും. ബുധനാഴ്ച സമാപിച്ച രണ്ടുദിവസത്തെ സംസ്ഥാന കൗണ്‍സിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ബാലനെതിരെ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ലോകം കണ്ട ഏറ്റവും വലിയ ഭരണാധികാരിയാണ് താനെന്ന് വിചാരിച്ചാവും ബാലന്‍ മറ്റ് മന്ത്രിമാരെ വിമര്‍ശിക്കുന്നതെന്നായിരുന്നു കുറ്റപ്പെടുത്തല്‍. അതിന് ബാലനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അതിന് അധികാരവുമില്ല. ഇത്തരത്തില്‍ പരസ്യമായി അഭിപ്രായം പറയാന്‍ പാടില്ല. ഇതിനെതിരെ എല്‍.ഡി.എഫില്‍ പ്രതിഷേധം അറിയിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

എ.കെ. ബാലന്‍ ഇത്തരം വിമര്‍ശനം ആവര്‍ത്തിച്ചാല്‍ ഇനി പരസ്യമായി മറുപടി പറയേണ്ടിവരുമെന്ന നിലപാടിലുമാണ് കൗണ്‍സില്‍ . യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രൂക്ഷമായാണ് പ്രതികരിച്ചത്. മന്ത്രിമാര്‍ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരസ്യ പ്രസ്താവന നടത്തുന്നത് ശരിയല്ല. ഉചിത സന്ദര്‍ഭത്തില്‍ ഉചിതമായ സ്ഥലത്ത് മറുപടി പറയും. ആവര്‍ത്തിച്ചാല്‍ അവര്‍ പറയുന്നതുപോലെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ബോര്‍ഡ്, കോര്‍പറേഷനുകള്‍ക്ക് അധ്യക്ഷന്മാരെ നിശ്ചയിച്ചപ്പോള്‍ പ്രധാനപ്പെട്ട നേതാക്കള്‍ക്ക് അപ്രധാന സ്ഥാനം നല്‍കിയെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. നാളികേര വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കിയ സി.എന്‍. ചന്ദ്രന് കാറും ഓഫിസും ഇല്ളെന്ന് ഒരു അംഗം ചൂണ്ടിക്കാട്ടി. ചന്ദ്രന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് കത്ത് നല്‍കിയോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹംകൂടി പങ്കെടുത്ത നിര്‍വാഹക സമിതിയാണ് തീരുമാനിച്ചതെന്നായിരുന്നു മറുപടി.

Tags:    
News Summary - ak balan and cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.