തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വർഷത്തിൽ ഇഷ്ടക്കാരനായ അജിത്കുമാറിനെ പൊലീസ് മേധാവിയാക്കാൻ പിൻവാതിൽ നീക്കം. യു.പി.എസ്.സിയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാത്ത എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് ‘ഇൻ ചാർജ്’ പൊലീസ് മേധാവിയുടെ പദവി നൽകാനാണ് ശ്രമം.
യു.പി.എസ്.സി പട്ടികക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് ചുമതല നൽകാമോയെന്ന കാര്യത്തിലാണ് എ.ജിയോടും സുപ്രീംകോടതിയിലെ അഭിഭാഷകരോടും സർക്കാർ നിയമോപദേശം തേടിയത്.
രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ പൊലീസ് മേധാവിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ഡി.ജി.പിമാരുണ്ട്. ഈ സംസ്ഥാനങ്ങളിലെ നടപടികൾ എങ്ങനെയെന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്. പൊലീസ് മേധാവി നിയമനത്തിന് നിധിൻ അഗര്‍വാള്‍, രവത ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നീ ഡി.ജി.പിമാരുടെ ചുരുക്കപ്പട്ടിയാണ് യു.പി.എസ്.സി സംസ്ഥാന സര്‍ക്കാറിന് കൈമാറിയത്. എന്നാൽ, തെരഞ്ഞെടുപ്പ് വർഷമായതിനാൽ മൂന്നുപേരെയും സര്‍ക്കാറിന് താല്പര്യമില്ല. ഇവരിൽ ആരെ വിശ്വസിക്കാമെന്നതാണ് ആശയക്കുഴപ്പം.
കേരള കേഡറായിട്ടും കൂടുതൽ കാലം കേന്ദ്ര സർവിസിൽ സേവനമനുഷ്ഠിച്ച ഇവരിൽ ചിലർ ബി.ജെ.പി സർക്കാറുമായി അടുത്ത ബന്ധമുള്ളവരാണെന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. ആ സാഹചര്യത്തിലാണ്, സംസ്ഥാനത്ത് കൂടുതൽ കാലം ക്രമസമാധാന ചുമതല വഹിച്ചയാളെ പൊലീസ് മേധാവിയാക്കണമെന്ന താൽപര്യം ചീഫ് സെക്രട്ടറി യു.പി.എസ്.സി യോഗത്തിൽ ഉന്നയിച്ചത്.
കൂത്തുപറമ്പ് വെടിവെപ്പ് നടന്ന സമയത്ത് എ.എസ്.പിയായിരുന്ന രവത ചന്ദ്രശേഖറിനെ പൊലീസ് മേധാവിയാക്കുന്നതിൽ കണ്ണൂരിലെ പാർട്ടിക്ക് എതിര്‍പ്പുണ്ട്. കെ.എം. എബ്രഹാമിന്റെയും പി.പി. ദിവ്യയുടെയും കേസുമായി ബന്ധപ്പെട്ട് യോഗേഷ് ഗുപ്ത സര്‍ക്കാറിന് അനഭിമതനാണ്.
സംസ്ഥാന സര്‍ക്കാര്‍ നൽകിയ പട്ടികയിലെ നാലാമൻ ഡി.ജി.പി മനോജ് എബ്രഹാമാണ്. എം.ആര്. അജിത്കുമാറിനുവേണ്ടി എ.ഡി.ജി.പിമാരെയും പരിഗണിക്കണമെന്ന് സംസ്ഥാനം സമ്മര്‍ദം ചെലുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.