അഹ്മദാബാദ്: അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ആർ. നായരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു. അഹ്മദാബാദിലെത്തിയ രഞ്ജിതയുടെ ഇളയ സഹോദരൻ രതീഷിൽ നിന്നാണ് ആശുപത്രി അധികൃതർ ഡി.എൻ.എ സാമ്പിൾ ശേഖരിച്ചത്.
അതേസമയം, വേഗത്തിൽ ഡി.എൻ.എ പരിശോധനക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും ഫലം ലഭിക്കാൻ 72 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഡി.എൻ.എ പരിശോധനക്ക് ശേഷം രഞ്ജിതയുടേതാണെന്ന് ഉറപ്പാക്കിയ ശേഷമാകും ബന്ധുക്കൾക്ക് വിട്ടുനൽകുക. മൃതദേഹം ലഭിക്കും വരെ രതീഷ് അഹ്മദാബാദിൽ തുടരും.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച രാത്രിയോടെ പുറപ്പെട്ട രതീഷും ബന്ധവും മുംബൈയിലെത്തിയശേഷം മറ്റൊരു വിമാനത്തിലാണ് അഹ്മദാബാദിലേക്ക് പോയത്. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് യാത്രക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. സാക്ഷ്യപത്രവും വിമാനടിക്കറ്റും വെള്ളിയാഴ്ച ഉച്ചയോടെ ഡെപ്യൂട്ടി കലക്ടർ കൊഞ്ഞോൺ വീട്ടിലെത്തി ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
അതിനിടെ, വീട്ടിൽ സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്. വിദേശത്തായിരുന്ന മൂത്ത സഹോദരൻ രഞ്ജിത്തും നാട്ടിലെത്തിയിട്ടുണ്ട്. രഞ്ജിതയുടെ സ്വപ്നമായിരുന്ന നിർമാണം പുരോഗമിക്കുന്ന പുതിയ വീടിന്റെ മുറ്റത്ത് പന്തലും ഉയർന്നു. ഇത് നാടിന് വേദനയുമായി. പാലുകാച്ചലിനായി എത്തുമെന്ന് അമ്മക്കും മക്കൾക്കും വാക്കുനൽകി മടങ്ങിയ രഞ്ജിത, നിശ്ചലമായി പുതിയ വീട്ടിലേക്ക് എത്തുന്നതിന്റെ വേദന ബന്ധുക്കൾ പങ്കുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.