‘റവന്യൂ ഓഫിസുകളെ വട്ടമിടാൻ ഏജന്റുമാരെ അനുവദിക്കില്ല’; മിന്നൽ പരിശോധനയുമായി മന്ത്രി

തൃശൂർ: ജനങ്ങളെ സഹായിക്കാനെന്ന വ്യാജേന റവന്യൂ ഓഫിസുകളെ വട്ടമിട്ടുപറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ലെന്ന് മന്ത്രി കെ. രാജന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇവരെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികളുടെ സാധ്യത പരിശോധിക്കും.

മുന്‍ കാലങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി വലിയ അളവില്‍ കുറക്കാനായെങ്കിലും അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സമീപകാല സംഭവങ്ങള്‍. പാലക്കയം അഴിമതിയുമായി ബന്ധപ്പെട്ട് ശക്തമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നിയമത്തിന്റെ പഴുതിലൂടെ അഴിമതിക്കാര്‍ സര്‍വിസില്‍ തിരികെയെത്തുന്ന സ്ഥിതി ഉണ്ടാവില്ല. മൂന്നു ദിവസമായി റവന്യൂ ഓഫിസുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടന്നുവരുകയാണ്. 156 ഓഫിസുകളിലാണ് ഇതിനകം പരിശോധന നടത്തിയത്.

സര്‍ക്കാര്‍തലത്തിലെ പരിശോധനകള്‍ക്കപ്പുറം സര്‍ക്കാരും ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൈകോര്‍ത്തുള്ള ഇടപെടലാണ് ആവശ്യം. ഇതിന്റെ മുന്നോടിയായി മുഴുവന്‍ സര്‍വിസ് സംഘടനകളുടെയും യോഗം ജൂണ്‍ അഞ്ചിന് ചേരും- മന്ത്രി പറഞ്ഞു.

അഴിമതി അറിയിക്കാൻ ടോൾഫ്രീ നമ്പർ

തൃശൂർ: പൊതുജനങ്ങള്‍ക്ക് അഴിമതി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി എല്ലാ റവന്യൂ ഓഫിസുകളിലും വിജിലന്‍സ് വകുപ്പിന്റെയും റവന്യൂ വിജിലന്‍സിന്റെയും ഫോണ്‍ നമ്പറുകള്‍ എഴുതി പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി കെ. രാജന്‍. ഇതിനായി ജൂണ്‍ പകുതിയോടെ ഒരു ടോള്‍ഫ്രീ നമ്പറും ഒരു പോര്‍ട്ടലും സജ്ജമാക്കും. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള നടപടികളും കൈക്കൊള്ളും.

വിജിലന്‍സ് സംവിധാനത്തിനു പുറമെ, റവന്യൂ വിജിലന്‍സ് ടീം, ജില്ല കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഇന്‍സ്പെക്ഷന്‍ വിങ്, ലാൻഡ് റവന്യൂ കമീഷണറുടെ നേതൃത്വത്തിലുള്ള പരിശോധന വിഭാഗം എന്നീ സംവിധാനങ്ങളെ ഏകോപിപ്പിച്ച് അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. കരം അടക്കല്‍, ഭൂമി തരംമാറ്റല്‍, പോക്കുവരവ് നടത്തല്‍, കെട്ടിട നികുതി അടക്കല്‍ ഉള്‍പ്പെടെ റവന്യൂ വകുപ്പിന്റെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാണെന്നും അവ പരമാവധി ഉപയോഗപ്പെടുത്തുന്നതിലൂടെ അഴിമതിക്കുള്ള സാധ്യതകള്‍ കുറക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ഓരോ വീട്ടിലുമെത്തി പരിശീലനം നല്‍കാനുള്ള റവന്യൂ ഇ-സാക്ഷരത പദ്ധതി നവംബറില്‍ ആരംഭിക്കും.

Tags:    
News Summary - 'Agents not allowed in revenue offices'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.