തിരുവനന്തപുരം: പകൽസമയ വൈദ്യുതി ശേഖരിച്ച് രാത്രിയിലും ഉപയോഗിക്കാവുന്ന ബാറ്ററി എനർജി സ്റ്റോറേജ് (ബെസ്) സംവിധാനത്തിന് ആദ്യ കരാർ ഒപ്പിട്ടുവെങ്കിലും പദ്ധതികൾ വിശദപഠനത്തിന് ശേഷം. സൗരോർജ വൈദ്യുതി ഉൽപാദനത്തിൽ വലിയ വർധന പ്രകടമാവുന്ന സാഹചര്യത്തിൽകൂടിയാണ് ബാറ്ററി സ്റ്റോറേജ് സാധ്യത ഉപയോഗപ്പെടപ്പെടുത്താൻ കെ.എസ്.ഇ.ബി തീരുമാനിച്ചത്. മൈലാട്ടിയിൽ സ്ഥാപിക്കുന്ന ആദ്യ പദ്ധതിക്ക് സോളാർ എനർജി കോർപറേഷനുമായി കരാറും ഒപ്പിട്ടു.
ആദ്യപദ്ധതി ഒരു വർഷത്തിനകം പ്രാവർത്തികമാക്കുന്നതിനൊപ്പം കൂടുതൽ പഠനം നടത്തി ഗുണദോഷവശങ്ങൾ മനസ്സിലാക്കാനാണ് ശ്രമം. കൺസൺട്ടൻസിക്കായി കഴിഞ്ഞയാഴ്ച താൽപര്യപത്രം ക്ഷണിച്ചിരുന്നു. മേയ് അവസാനത്തോടെ കൺസൽട്ടൻസിയെ ചുമതലപ്പെടുത്തുകയാണു ലക്ഷ്യം.
എനർജി പ്ലാനിങ് സ്പെഷലിസ്റ്റ്, പവർ സിസ്റ്റം സ്പെഷലിസ്റ്റ്, ടെക്നിക്കൽ അനലിസ്റ്റ്, ബെസ് സ്പെഷലിസ്റ്റ എന്നിവരടക്കം ഉൾപ്പെട്ട പഠനത്തിലൂടെ ബെസിന്റെ പ്രായോഗികതയിൽ കൃത്യമായ വിവരങ്ങൾ ശേഖരിക്കാനാവുമെന്ന വിലയിരുത്തലിലാണ് കെ.എസ്.ഇ.ബി.
വിവിധതരം ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ വിപണിയിൽ ലഭ്യമാണ്. അവയിൽ കേരളത്തിന് യോജിച്ചത് തെരഞ്ഞെടുക്കൽ, അനുയോജ്യ സ്ഥലങ്ങൾ, ഒരോ സ്ഥലത്തിനും യോജിച്ച ബെസ് യൂനിറ്റുകൾ എന്നിവയൊക്കെ പഠനത്തിന്റെ ഭാഗമാണ്. അഞ്ചു വർഷത്തിനകം 5000 മെഗാവാട്ടിന്റെ ബാറ്ററി എനർജി സ്റ്റോറേജ് സാധ്യമാക്കുകയാണ് കെ.എസ്.ഇ.ബി ലക്ഷ്യം.
അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയും സംഭരണ സംവിധാനങ്ങളിലൂടെ അത് എത്രമാത്രം പരിഹരിക്കാനാവുമെന്നും പരിശോധിക്കും. ബെസ് സ്ഥാപിക്കുന്നതിന് കരാർ നൽകുന്നത് ബാധ്യതയാകുമോ എന്ന ആശങ്കയുമായി ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള കെ.എസ്.ഇ.ബി എംപ്ലോയീസ് കോൺഫെഡറേഷൻ രംഗത്തെത്തിയിട്ടുണ്ട്. സ്റ്റോറേജ് ചാർജടക്കം വിവിധ ചെലവ് കണക്കാക്കുമ്പോൾ യൂനിറ്റിന് 10 രൂപ കടക്കുന്ന വിധം ചെലവ് ഉയരാനിടയുണ്ടെന്ന് കോൺഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആശങ്കൾക്ക് അടിസ്ഥാനമില്ലെന്നാണ് കെ.എസ്.ഇ.ബി വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.