തിരുവനന്തപുരം: അഞ്ചുപേരെ അറുകൊല ചെയ്യുകയും പെറ്റുമ്മയെ മൃതപ്രായയാക്കുകയും ചെയ്തിട്ടും കുറ്റബോധമൊന്നുമില്ലാതെ പ്രതി അഫാൻ. താന്‍ ഒരുവിധ കുറ്റവും ചെയ്തിട്ടില്ലെന്ന ഭാവത്തോടെയാണ് അഫാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 32-ാം നമ്പര്‍ പേവാര്‍ഡ് റൂമില്‍ ചികിത്സയിൽ കഴിയുന്നത്.
തൊട്ടടുത്ത കെട്ടിട സമുച്ചയത്തില്‍ തന്റെ ഉറ്റവരുടെയും ഉടയവരുടെയും പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ അഫാന്റെ മുഖത്ത് ഒരുവിധ ഭാവമാറ്റവുമുണ്ടായില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. കൃത്യം പൂർത്തിയാക്കി കീഴടങ്ങാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴും അഫാനിൽ ഭാവമാറ്റമൊന്നുമുണ്ടായിരുന്നില്ലെന്ന് ഓട്ടോ ഡ്രൈവർ ശ്രീജിത് പറയുന്നു.
തന്‍റെ പുതിയ ബൈക്കിനെ കുറിച്ച് സംസാരിച്ചുകൊണ്ട് മൊബൈൽ ഫോണിൽ നോക്കി കളിക്കുകയായിരുന്നെന്നും ഓട്ടോ ഡ്രൈവർ പറയുന്നു. അഫാന്റെ മൊഴി മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു.
കുഞ്ഞനിയൻ അഫ്സാനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം അഫാൻ മൃതദേഹത്തിന് ചുറ്റും 500 രൂപയുടെ നോട്ടുകൾ വിതറിയതിലും ദുരൂഹത. സ്വീകരണമുറിയിൽ നിലത്തുകിടക്കുന്ന നിലയിലായിരുന്നു അഫ്‌സാന്റെ മൃതദേഹം.
അഫ്സാനെ ചേർത്തിരുത്തി അഫാൻ ബൈക്ക് ഓടിച്ചുപോകുന്നത് സ്ഥിരമായി കണ്ടിരുന്നെന്ന് പേരുമല ആർച്ച് ജങ്ഷനിലെ നാട്ടുകാർ പറഞ്ഞു. ഇരുവരും തമ്മിൽ പത്ത് വയസ്സ് വ്യത്യാസമുണ്ട്. പിതാവ് വിദേശത്തായതിനാൽ അച്ഛന്റെ കരുതലോടെയാണ് അഫാൻ കുഞ്ഞനുജനെ സ്നേഹിച്ചിരുന്നത്. അഫ്സാന്റെ പഠനകാര്യത്തിലും ശ്രദ്ധിച്ചിരുന്നു. കൊലപാതകത്തിന് മുമ്പ് അനിയന് വേണ്ടി വാങ്ങിയ കുഴിമന്തിയുടെ ബാക്കിയും ശീതളപാനീയവും വീടിന്റെ വരാന്തയിലെ കസേരയിൽ രാത്രിയിലും ഇരിപ്പുണ്ടായിരുന്നു.
അർബുദരോഗിയായ അമ്മയുടെ പ്രയാസവും കുടുബത്തിന്റെ കടബാധ്യതയും അനുജനെ ബാധിക്കാതിരിക്കാൻ അഫാൻ ശ്രദ്ധിച്ചിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ അഫാൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കൾ. ഉമ്മയുമായുള്ള വഴക്കിനെ തുടർന്നാണ് അന്ന് എലിവിഷം കഴിച്ചത്. വിഷം കഴിച്ചതറിഞ്ഞ് ഗവ. മെഡിക്കൽ കോളജിലെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
എന്നാൽ, അതിനു ശേഷം അത്തരം സംഭവങ്ങളൊന്നുമുള്ളതായി അറിയില്ലെന്നും ബന്ധുവായ നാസറുദ്ദീൻ പറയുന്നു. അഞ്ചു പേരെയും കൊലപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസവും എലിവിഷം കഴിച്ചാണ് അഫാൻ ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ, പൊലീസ് സ്റ്റേഷനിലെത്തിയ അഫാനെ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൊല്ലപ്പെട്ട സൽമാ ബീവിയുടെ 10 മക്കളിലൊരാളാണ് അഫാന്‍റെ പിതാവ് റഹീം. ഷെമിയുമായുള്ള റഹീമിന്‍റെ വിവാഹത്തിനുശേഷമാണ് പേരുമലയിൽ താമസമാക്കുന്നത്. ഷെമിയുടെ കുടുംബവീട് പേരുമലയിലായിരുന്നു. സഹോദരീ സഹോദരന്മാരുമായി നല്ല ബന്ധത്തിൽ കഴിയുന്നവരായിരുന്നു റഹീമിന്‍റെ കുടുംബം. റഹീമിന്‍റെ അസാന്നിധ്യത്തിൽ പിതൃസഹോദരൻ അബ്ദുൽ ലത്തീഫ് അഫാന്‍റെ കുടുംബത്തിന്‍റെ കാര്യത്തിൽ ശ്രദ്ധയും ജാഗ്രതയും പുലർത്തിയിരുന്നതായും ബന്ധുവായ നാസറുദ്ദീൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.