സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ അധിക തസ്തികകള്‍; നവകേരള സദസ് നിര്‍‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ അധിക തസ്തികകള്‍ അനുവദിച്ചു. 2024-2025 അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണയ പ്രകാരം, സർക്കാർ മേഖലയിലെ 552 സ്കൂളുകളില്‍ 915 അധിക തസ്തികകളും 658 എയ്‌ഡഡ് സ്കൂളുകളില്‍ 1304 അധിക തസ്തികകളുമാണ് അനുവദിച്ചത്.

ആകെ 1210 സർക്കാർ/എയ്ഡഡ് സ്കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകളാണ് അനുവദിച്ചത്. സർക്കാർ സ്കൂളുകളിൽ അധിക തസ്തികകളിൽ തസ്തികനഷ്ടം സംഭവിച്ച ജീവനക്കാരെ ക്രമീകരിച്ചതിനു ശേഷം മാത്രമേ പുതിയ നിയമനം നടത്താൻ പാടുള്ളൂ. എയ്‌ഡഡ് സ്കൂളുകളിലെ അധിക തസ്തികകളിൽ, കെ.ഇ.ആർ അധ്യായം XXI ചട്ടം 7(2) അനുസരിച്ച് മാത്രമേ നിയമനം നടത്താൻ പാടുള്ളൂ. തസ്തിക നഷ്ടം സംഭവിച്ച സ്കൂളുകളിൽ ഈ തസ്തികയിൽ ആരും തുടരുകയോ ശമ്പളം കൈപ്പറ്റുകയോ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫിസർ /ട്രഷറി/സ്പാർക്ക് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണം.

നിയമനം

35-ാമത് ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് റഗ്‌ബിയിൽ വെങ്കലമെഡൽ നേടിയ എം. ഹരിശ്രീക്ക് കായിക യുവജനകാര്യ വകുപ്പിൽ ക്ലാർക്കിന്‍റെ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകും.

പൊലീസ് വകുപ്പിലെ പര്‍ച്ചേസ് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീരിച്ചു.

യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യും

വിഴിഞ്ഞം ഹാർബർ ഏരിയ ഗവ. എൽ.പി സ്കൂൾ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യും. തീരദേശത്തെ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്നതിന്‍റെ അടിസ്ഥാനത്തിലും വിദ്യാലയത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ തുടർ പഠനത്തിനായി മറ്റുവിദ്യാലയങ്ങൾ നിലവിലില്ല എന്ന വസ്തുത പരിഗണിച്ചും അധ്യാപക/അനധ്യാപക ജീവനക്കാരുടെ ആവശ്യകത പുനർവിന്യാസം വഴി നിറവേറ്റണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിത്.

തസ്തിക പരിവര്‍ത്തനം

കേരള പബ്ലിക് സര്‍വീസ് കമീഷനില്‍ നിലവിലുള്ള 21 ഡഫേദാര്‍ തസ്തികകള്‍ ഓഫിസ് അറ്റന്‍ഡന്‍റ് തസ്തികകളാക്കി പരിവര്‍ത്തനം ചെയ്യും. നിലവില്‍ ഡഫേദാര്‍ തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന എട്ടു പേര്‍ക്ക് ശമ്പളം സംരക്ഷിച്ചു നല്‍കും.

വിരമിക്കല്‍ പ്രായം ഉയര്‍ത്തി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയംഭരണ ഗ്രാന്റ്-ഇൻ-എയ്‌ഡ് സ്ഥാപനമായ സി.എച്ച്. മുഹമ്മദ് കോയ മെമോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റ്ലി ചലഞ്ച്‌ഡ് (എസ്.ഐ.എം.സി) സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന ഇ.പി.എഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥിരം ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 വയസ്സിൽ നിന്നും 58 വയസ്സായി ഉയർത്തും.

നവകേരള സദസ് നിര്‍‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982 കോടിയുടെ പദ്ധതികള്‍

നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയാറാക്കിയ മാർഗനിർദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരി‍ഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.

നവകേരളസദസ്സിൽ വിവിധ വിഭാഗം ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദേശങ്ങൾക്കും മുൻഗണന അനുസരിച്ച് അനുമതി നൽകുന്നതിനും സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികൾക്ക് പകരം പുതിയ/അധിക പദ്ധതികൾ അംഗീകരിക്കുവാൻ ഉള്ള അനുമതി നൽകാനും ചീഫ് സെക്രട്ടറി, സെക്രട്ടറി (PIE&MD), ബന്ധപ്പെട്ട ജില്ലാ കലക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ അധികാരപ്പെടുത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.

Tags:    
News Summary - Additional posts in government and aided schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.