പീഡനക്കേസിൽ വിദേശത്തേക്ക് കടന്ന വിജയ് ബാബു തിരിച്ചെത്തി

എറണാകുളം: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബൈയിലേക്ക് കടന്ന നടനും നിർമാതാവുമായ വിജയ് ബാബു നാട്ടിൽ തിരിച്ചെത്തി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് വിജയ് ബാബു എത്തിയത്. പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന് 39 ദിവസങ്ങൾക്ക് ശേഷമാണ് പ്രതി തിരികെയെത്തിയത്. വിജയ് ബാബു നാട്ടിലെത്തുമ്പോൾ അറസ്റ്റ് പാടില്ലെന്ന് നിർദേശിച്ച് ഹൈകോടതി ഇന്നലെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

പീഡന പരാതിക്ക് പിന്നാലെ ഇരയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തി വിജയ് ബാബു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നത്. ആദ്യം ദുബൈയിലും പിന്നീട് ജോർജിയയിലേക്കുമാണ് കടന്നത്. തുടർന്ന് ദുബൈയിലേക്ക് തന്നെ തിരിച്ചെത്തി.

വിജയ് ബാബുവിനെ തിരികെയെത്തിക്കാന്‍ അന്വേഷണസംഘം നടത്തിയ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാല്‍ മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളൂവെന്ന് കോടതിയും നിലപാടെടുത്തു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് നേരത്തെ അറിയിച്ച സമയത്ത് തിരിച്ചെത്താതിരുന്നതെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ നടന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ 9.30 ന് നെടുമ്പാശ്ശേരിയില്‍‌ തിരിച്ചെത്തുമെന്നാണ് വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയ യാത്ര രേഖകളില്‍ വ്യക്തമാക്കിയിരുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് കേസ് രജിസ്റ്റര്‍ ചെയ്ത സൗത്ത്‌ പൊലീസ് സ്റ്റേഷനിലെത്തി വിജയ്ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകും.

അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി നാളെയാണ് പരിഗണിക്കുക. മാർച്ച് മാസം 16, 22 തിയതികളിൽ വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന് യുവനടി നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാള്‍ വിദേശത്തേക്ക് കടന്നത്.

Tags:    
News Summary - Actress molestation case Vijay babu reached in kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.