നടിയെ ആക്രമിച്ച കേസ്: സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് ആവശ്യം. നേരത്തേ കേസിൽ സുപ്രീംകോടതി വിചാരണക്ക് സമയപരിധി നിശ്ചയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തേണ്ടതിനാലാണ് കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത്. തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്നം സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ എട്ടാംപ്രതിയായ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണത്തിന് കോടതി അനുമതി നൽകിയ സാഹചര്യത്തിൽ നടൻ ദിലീപിനെയും ഉറ്റ ബന്ധുക്കളെയും ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം.

ജയിലിലുള്ള പൾസർ സുനിയെ ചോദ്യം ചെയ്യാനായി അനുമതി തേടിക്കൊണ്ട് പൊലീസ് വിചാരണക്കോടതിയിൽ അപേക്ഷ സമർപ്പിക്കും. സുനിയെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക. ദിലീപിനെ നോട്ടീസ് നൽകി വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യുക. ഇതോടൊപ്പം കാവ്യാമാധവൻ, ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.

കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എറണാകുളം സി.ജെ.എം കോടതിയിലാണ് അപേക്ഷ നൽകിയത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ഏതെങ്കിലും മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തണമെന്ന ആവശ്യമാണ് അന്വേഷണ സംഘം ഉയര്‍ത്തിയിട്ടുള്ളത്. ബാലചന്ദ്രകുമാറിന്‍റെ മൊബൈല്‍ ഫോണ്‍, പെന്‍ ഡ്രൈവിലാക്കി നല്‍കിയ വിവരങ്ങള്‍ എന്നിവ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 164 സ്റ്റേറ്റ്മെന്‍റ് രേഖപ്പെടുത്തണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

Tags:    
News Summary - Actress attack: State govt in Supreme Court seeking extension of time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.