മമ്മൂട്ടിയെ ഇനി ചരിത്ര വിദ്യാർഥികൾ പഠിക്കും; സിലബസിൽ ഉൾപ്പെടുത്തി മഹാരാജാസ് കോളജ്

കൊച്ചി: നടൻ മമ്മൂട്ടി, ഇന്ത്യന്‍ ഭരണഘടന നിര്‍മാണ സഭയിലെ വനിതാ അംഗമായ ദാക്ഷായണി വേലായുധൻ എന്നിവരുടെ ഉൾപ്പെടെ ജീവിതം ഇനി മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികള്‍ പഠിക്കും. ഇരുവരും മഹാരാജാസിലെ പൂർവ വിദ്യാർഥികളാണ്. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാർഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ ‘മലയാള സിനിമയുടെ ചരിത്ര’ത്തിലാണ് മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള മൈനര്‍ പേപ്പറിലെ ‘കൊച്ചിയുടെ പ്രാദേശിക ചരിത്ര’ത്തിലാണ് ദാക്ഷായണി വേലായുധനെ പഠന വിഷയമായി ഉള്‍പ്പെടുത്തിയത്. പട്ടികജാതിക്കാരില്‍നിന്നുള്ള ആദ്യ ബിരുദധാരിയാണ് പുലയ സമുദായത്തില്‍നിന്നുള്ള ദാക്ഷായണി. സ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ വിജയിച്ച ആദ്യത്തെ ദലിത് വനിതയാണ്. മഹാരാജാസ് കോളജിന്റെ മുന്‍വശത്തെ ഫ്രീഡം മതിലില്‍ നേരത്തെതന്നെ ദാക്ഷായണി വേലായുധന്റെ ഛായാചിത്രം വരച്ചിട്ടുണ്ട്.

ഒന്നാം വര്‍ഷ വിദ്യാർഥികള്‍ പഠിക്കുന്ന മൈനര്‍ പേപ്പറിലെ ‘ചിന്തകന്മാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും’ എന്ന ഭാഗത്ത് മലയാള ഭാഷാ പണ്ഡിതനും മിഷണറിയുമായ അര്‍ണോസ് പാതിരി, കൊച്ചിയിലെ ജൂത വിഭാഗത്തില്‍പ്പെട്ട പരിഷ്‌കര്‍ത്താക്കളായ എബ്രഹാം സലേം, എസ് എസ് കോഡര്‍, ആലുവയില്‍ മുസ്ലിംകള്‍ക്കായി കോളജ് സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ ഹമദാനി തങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഇവരെ കൂടാതെ, കേരളത്തില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ആദ്യ വനിത വക്കീല്‍ ഫാത്തിമ റഹ്മാന്‍, വനിതകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രയത്‌നിച്ച തപസ്വിനിയമ്മ, മഹാരാജാസ് കോളജിലെ ആദ്യ പിന്നാക്കക്കാരനായ പ്രിന്‍സിപ്പല്‍ പ്രൊഫ. പി.എസ്. വേലായുധന്‍ എന്നിവരെയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Actor Mammootty Included in BA History Syllabus of Maharajas College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.