കൊച്ചി: സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ഓടുന്ന അന്തർസംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ബസുകൾക്കെതിരെയും നടപടി വേണമെന്ന് ഹൈകോടതി. കോടതി ഉത്തരവ് എല്ലാവർക്കും ബാധകമാണ്. കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്തതാണ് എന്നതുകൊണ്ട് ഇളവ് നൽകാനാവില്ല.
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കരുതെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ, വാഹനങ്ങളിലെ നിയമലംഘനങ്ങൾ സംബന്ധിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തവയടക്കം രൂപമാറ്റം വരുത്തിയും അനധികൃതമായി പാർട്സ് ഘടിപ്പിച്ചും ഓടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. മോട്ടോർ വാഹന വകുപ്പും പൊലീസും നടപടിയെടുക്കുകയും മജിസ്ട്രേറ്റിന്റെ മുന്നിൽ വാഹനങ്ങൾ ഹാജരാക്കുകയും വേണം.
പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കണം. രൂപമാറ്റങ്ങൾ നീക്കി ഹാജരാക്കണമെന്ന നിർദേശത്തോടെയല്ലാതെ വിട്ടുകൊടുക്കരുത്. ഒക്ടോബർ 14ലെ ഉത്തരവിന് ശേഷവും നിയമലംഘനം നടത്തിയ വാഹനങ്ങൾ കോളജ് കാമ്പസുകളിൽ എത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇവ കാമ്പസുകളിൽ പ്രവേശിക്കുന്നില്ലെന്ന് ഗതാഗത കമീഷണർ ഉറപ്പുവരുത്തണമെന്നും നിയമലംഘനം കണ്ടെത്തിയാൽ സ്ഥാപന മേധാവി ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവിട്ടിട്ടും കോഴിക്കോടും വയനാടും ചില സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങളുണ്ടായതായി ഇവയുടെ ദൃശ്യം പ്രദർശിപ്പിച്ച് കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ഇറക്കുമതി വാഹനങ്ങൾ കാമ്പസുകളിൽ പ്രദർശിപ്പിച്ചതിൽ റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.