കെ.എം. ബഷീറിന്‍റെ കൊലപാതകം: വീണ്ടും സമയം തേടി പ്രതി ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം: സിറാജ് ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തനിക്കെതിരായ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ കൂടുതല്‍ സമയം തേടി. കോടതിയില്‍ ഹാജരാകാതെയാണ് പ്രതി വീണ്ടും സമയം തേടിയത്.

ജൂണ്‍ ആറിന് ശ്രീറാം വെങ്കിട്ടരാമന് വാദം ബോധിപ്പിക്കാന്‍ സമയം അനുവദിച്ച് തിരുവനന്തപുരം ഒന്നാം അഡീ. ജില്ല സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാര്‍ ഉത്തരവിട്ടു. 2023 ഡിസംബര്‍ 11ന് കേസ് പരിഗണിച്ചപ്പോഴും ശ്രീറാം കൂടുതല്‍ സമയം തേടിയിരുന്നു.

കേസില്‍ കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹരജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍നിന്ന് കനത്ത തിരിച്ചടിയുണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി തിരുവനന്തപുരം ഒന്നാം അഡീ. ജില്ല സെഷന്‍സ് കോടതി വിളിച്ചുവരുത്തുന്നത്. 2023 ആഗസ്റ്റ് 25നാണ് കേസില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി ശ്രീറാം വെങ്കിട്ടരാമന്റെ റിവിഷന്‍ ഹരജി തിരസ്‌കരിച്ചത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍.

കേസില്‍ നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ പുനഃസ്ഥാപിച്ച ഹൈകോടതി വിധിക്കെതിരെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീംകോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹൈകോടതിയുടെ നിലപാട് ശരിവെച്ചത്. ഇതോടെയാണ് നരഹത്യ കുറ്റത്തിന് ശ്രീറാം വെങ്കിട്ടരാമന്‍ വിചാരണ നേരിടാന്‍ സാഹചര്യം ഒരുങ്ങിയത്.

നരഹത്യക്കുറ്റം ചുമത്താനുള്ള തെളിവില്ലെന്നതായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ പ്രധാന വാദം. കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നും, സാധാരണ മോട്ടോര്‍ വാഹന വകുപ്പ് നിയമ പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമുള്ള വാദമാണ് ശ്രീറാം ഹൈകോടതിയിലും സുപ്രീംകോടതിയിലും ഉന്നയിച്ചത്.

വേഗത്തില്‍ വാഹനമോടിച്ചു എന്നുള്ളതുകൊണ്ട് അത് നരഹത്യ കേസാവില്ലെന്നും ശ്രീറാം വാദിച്ചിരുന്നു. എന്നാല്‍, സാഹചര്യത്തെളിവുകള്‍, സാക്ഷി മൊഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വിചാരണ ഘട്ടത്തിലാണെന്നും ഇതു വിചാരണ നടക്കേണ്ട കേസാണെന്നും നിരീക്ഷിച്ചു.

2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്.

Tags:    
News Summary - Accused Sriram Venkataraman seeks time again in KM Basheer death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.