വഴി മാറി തന്നില്ല, പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്ന് പ്രതി

തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന യുവതിയെ അക്രമി ട്രെയിനിൽ നിന്ന് തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയെന്ന് മൊഴി. പ്രകോപനത്തിനു കാരണം വഴിമാറി കൊടുക്കാത്തതെന്നും പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാറിനെതിരെ പൊലീസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. തമ്പാനൂർ റെയിൽവേ പൊലീസാണ് കേസെടുത്തത്.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ശ്രീകുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിട്ടു. ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുമായി വാക്ക് തർക്കം ഉണ്ടായതായി പ്രതി സുരേഷ് പൊലീസിന് മൊഴി നല്‍കി. ഇയാൾ ട്രെയിനിന്‍റെ വാതിലിൻ്റെ സമീപത്തുനിന്ന് മാറിനിൽക്കാൻ ശ്രീക്കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശ്രീക്കുട്ടി മാറിയില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്നും ശ്രീക്കുട്ടിയുമായി തർക്കം ഉണ്ടായതായും സുരേഷ് പൊലീസിനോട് പറഞ്ഞു.

സുരേഷ് സ്ഥിരം മദ്യപാനിയാണെന്നും പൊലീസ് പറഞ്ഞു. നിലവിൽ ആർ.പി.എഫ് കസ്റ്റഡിയിലുള്ള സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ട്രെയിനിന്‍റെ വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി നടുഭാഗത്ത് ചവിട്ടി പുറത്തേക്കിടുകയായിരുന്നെന്ന് പരിക്കേറ്റ ശ്രീക്കുട്ടിയുടെ സുഹൃത്ത് പറഞ്ഞു.

'വാഷ്റൂമില്‍ പോയി വന്നശേഷം പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു അവള്‍. ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു. തൊട്ടുപിന്നാലെ എന്‍റെ കൈയും കാലും പിടിച്ച് താഴേക്കിട്ടു. ഞാന്‍ പകുതി ട്രെയിനിന്‍റെ പുറത്തും പകുതി അകത്തുമായ നിലയിലായിരുന്നു.

ഒരു അങ്കിളാണ് എന്നെ ട്രെയിനിലേക്ക് പിടിച്ചുകയറ്റിയത്. ജനറല്‍ കമ്പാർട്ട്‌മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല. അയാള്‍ മദ്യപിച്ചിരുന്നു. പിന്നീട് യാത്രക്കാരാണ് അയാളെ പിടിച്ചുവെച്ചത്'. പെണ്‍കുട്ടിയുടെ സുഹൃത്ത് പറഞ്ഞു.

അതേസമയം, ഗുരുതര പരിക്കേറ്റ ശ്രീക്കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

Tags:    
News Summary - Accused says he threw girl off train with intent to kill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.