60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യമില്ല; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഹൈക്കോടതിയിൽ

കൊച്ചി: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിൽ. സി.പി.എം പ്രവർത്തകരായ ഏഴ് പ്രതികളാണ് ജാമ്യം തേടി ഹർജി നൽകിയത്.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കേസിലാണ് സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. 24 പ്രവർത്തകരാണ് ജാമ്യം ലഭിക്കാതെ രണ്ടു മാസത്തോളമായി ജയിലിൽ കഴിയുന്നത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെയായിരുന്നു സി.പി.എം പ്രവർത്തകർ ഇ.ഡി അന്വേഷണ സംഘത്തിന്റെ വാഹനങ്ങൾ തടയുകയും കേടുപാടുകൾ വരുത്തുകയും ചെയ്തത്.

ഹൈക്കോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരുടെ നിരയെയാണ് വാദത്തിനായി പാർട്ടി ഇറക്കുന്നത്. എന്നാൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനെയടക്കം എത്തിച്ച് ജാമ്യഹർജിയെ ശക്തമായി എതിർക്കാനാണ് ഇ.ഡിയുടെ നീക്കം. സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻ ഭാഗിക കുറ്റപത്രം നൽകാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്. ഇ.ഡിയും കേസിൽ കക്ഷി ചേർന്ന് ശക്തമായ നീക്കമാണ് നടത്തുന്നത്. ഇതോടെയാണ് ആദ്യമായി പ്രതികൾ ഹൈക്കോടതിയിലെത്തിയത്. പ്രതികൾക്കായി മുൻ കേരള ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, എ.ജി. ഗോപാലകൃഷ്ണൻ കുറുപ്പ്, മുതിർന്ന ക്രിമിനൽ അഭിഭാഷകരായ വിജയഭാനു, എസ്. രാജീവ് അടക്കം പ്രമുഖരുടെ നിരയാണ് കോടതിയിൽ ഹാജരാകുന്നത്.

Tags:    
News Summary - ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഹൈക്കോടതിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.