ട്രെയിനിൽ നിന്ന് വീണുള്ള അപകടങ്ങൾ: യാത്രക്കാർക്ക് മുന്നറിയിപ്പുമായി ആർ.പി.എഫ്

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർ ട്രെയിനിൽ നിന്ന് വീണുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരോടും സുരക്ഷിതമായ യാത്രാ രീതികൾ പാലിക്കണമെന്ന് തിരുവനന്തപുരം ഡിവിഷൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) അഭ്യർത്ഥിച്ചു. ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ കോച്ചിന്റെ വാതിൽക്കൽ നിൽക്കുന്നതും ഫുട്ബോർഡിൽ യാത്ര ചെയ്യുന്നതും പോലുള്ള അപകടകരമായ പ്രവണതകൾ പൂർണമായും ഒഴിവാക്കണം. ഇത്തരത്തിലുള്ള പ്രവൃത്തികൾ വളവുകൾ, ബ്രേക്കിങ്, ട്രെയിനിലെ തിരക്ക്, പെട്ടെന്നുള്ള ശാരീരിക അസ്വസ്ഥത എന്നിവ കാരണം ബാലൻസ് നഷ്ടപ്പെടാൻ ഇടയാക്കും. ചെറിയ ഒരു പിഴവു പോലും ഗുരുതരമായ പരിക്കുകൾക്കും മരണത്തിനും കാരണമായേക്കാം.

ട്രെയിനിൽ പ്രവേശിച്ചാലുടൻ കോച്ചിനുള്ളിലേക്ക് പൂർണമായും കയറി ഡോറിൽ നിന്ന് പരമാവധി സുരക്ഷ പാലിച്ച് യാത്ര ചെയ്യണം. ഒരുകാരണവശാലും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറുകയോ, ഇറങ്ങുകയോ ചെയ്യരുത്. ട്രെയിനിന്‍റെ വാതിൽക്കൽ നിന്ന് പുറത്തേക്ക് ചാഞ്ഞ് അല്ലെങ്കിൽ തൂങ്ങിനിൽക്കരുത്. ഈ വർഷം ഇതുവരെ ഡിവിഷനിൽ 37 യാത്രക്കാർ വീണുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയിൽ പലതും ഗുരുതരമായ പരിക്കുകളും ജീവഹാനിയും ഉണ്ടാക്കിയിട്ടുണ്ട്. ആർ.പി.എഫും റെയിൽവേ ജീവനക്കാരും ചേർന്ന് ബോധവത്കരണ ക്യാമ്പെയ്‌നുകൾ, സ്റ്റേഷൻ അറിയിപ്പുകൾ, യാത്രക്കാരുടെ കൗൺസിലിങ്, നിരീക്ഷണം എന്നിവ ശക്തമാക്കി തുടരുകയാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും ട്രെയിൻ യാത്ര അതീവ ശ്രദ്ധയോടെ നടത്തണമെന്നും അധികൃതര്‍ സൂചിപ്പിച്ചു. സുരക്ഷിത ട്രെയിൻ യാത്രയ്ക്കായി എല്ലാവരുടെയും സഹകരണം ഡിവിഷൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അഭ്യർത്ഥിച്ചു.

Tags:    
News Summary - Accidents due to falling from trains: RPF issues warning to passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.