വടക്കാഞ്ചേരി: പളനി തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങവേ കുടുംബം സഞ്ചരിച്ച കാർ ആറ്റൂരിൽ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. മങ്ങാട് പന്തലങ്ങാട് ബാലചന്ദ്രെൻറ ഭാര്യ ചന്ദ്രികയാണ് (55) മരിച്ചത്. ബാലചന്ദ്രനെ ഗുരുതര പരുക്കുകളോടെ തൃശൂർ ദയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ച മകൻ സജിത്ത്, മുൻ സീറ്റിൽ ഇരുന്ന ഭാര്യ ഡിനു, മകൾ ഋതിക എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 1.30ന് വാഴക്കോട്- പ്ലാഴി സംസ്ഥാന പാതയിൽ ആറ്റൂർ സ്കൂൾ വളവിലായിരുന്നു അപകടം.
കഴിഞ്ഞ ദിവസം രാവിലെ 10നാണ് ഇവർ പളനിയിലേക്ക് പോയത്. ഒരു വയസുകാരി ഋതികയുടെ തല മുണ്ഡന വഴിപാട് തീർക്കുകയായിരുന്നു ലക്ഷ്യം. കുടുംബാംഗങ്ങൾ നല്ല ഉറക്കത്തിലായതോടെ സജിത്തും ഉറങ്ങി പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. നിരന്തര അപകടമേഖലയായ ആറ്റൂർ വളവിലെത്തിയപ്പോൾ കാറിെൻറ നിയന്ത്രണം നഷ്ടപ്പെടുകയും പാതയോരത്തെ മരത്തിലിടിക്കുകയുമായിരുന്നു.
അപകടം നടന്ന ഉടൻ എയർ ബാഗ് പ്രവർത്തിച്ചതാണ് സജിത്തിനും ഭാര്യക്കും കുഞ്ഞിനും രക്ഷയായത്. പിറകിലെ സീറ്റിലായിരുന്നു ബാലചന്ദ്രനും ചന്ദ്രികയും ഇരുന്നത്. ചന്ദ്രിക അപകടസ്ഥലത്ത് തന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാർ വെട്ടിപൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. സ്മിതയാണ് ചന്ദ്രികയുടെ മറ്റൊരുമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.