അങ്കമാലിയിൽ വിദ്യാർഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടം; പ്രതിയുടെ പിതാവ് അറസ്റ്റിൽ

കൊച്ചി: അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയുടെ പിതാവ് അറസ്റ്റിൽ. അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ ഡോ. സിറിയകിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്.

ഇതിനിടെ പ്രതി ഡോ. സിറിയക് ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് നീക്കം. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.

ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അപകടം നടന്ന് അഞ്ച് ദിവസമായിട്ടും സിറിയക്കിനെ പിടികൂടാൻ പൊലീസിനായിട്ടില്ല. പ്രതിക്ക് രക്ഷപ്പെടാൻ പൊലീസ് വഴിവിട്ട സഹായം നൽകുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ കൊല്ലപ്പെട്ട ജാസ്ലിയയുടെ കുടുംബം ആരോപിച്ചിരുന്നു.

അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനി ജസ്‌ലിയ ജോണ്‍സണിനെ ഫെബ്രുവരി 28ാം തീയതിയാണ് സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. പാര്‍ട്ട് ടൈം ജോലി കഴിഞ്ഞുമടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച ജസ്‌ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

എടവനക്കാട് സ്വദേശിയായ ജസ്‌ലിയ പഠനത്തോടൊപ്പം സ്‌പോര്‍ട്‌സിലും മികവ് പുലര്‍ത്തിയിരുന്നു. പാര്‍ട്ട്‌ടൈമായി ജോലി ചെയ്താണ് ജസ്‌ലിയ തന്റെ പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. 

Tags:    
News Summary - Accident that led to the death of a student in Angamaly; Father of the accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.