തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനവും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
വെള്ളത്തൂവൽ പഞ്ചായത്ത് അധികൃതർ സഞ്ചരിച്ചിരുന്ന സ്കോർപ്പിയോ കാറിനെ വെട്ടുകാടേക്ക് വന്ന നെയ്യാറ്റിൻകര ഡിപ്പോയുടെ കെ.എസ്.ആർ.ടി.സി ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.
ഓവർടേക്ക് ചെയ്യുന്നതിനിടെ ബസിന്റെ പിൻഭാഗം കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോണറ്റിന്റെ വശം തകർന്നുവെന്നും എന്നാൽ, അപകടത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് നിർത്താതെ മുന്നോട്ട് പോയെന്നുമാണ് പഞ്ചായത്ത് ഭാരവാഹികളുടെ ആരോപണം. തുടർന്ന് പഞ്ചായത്ത് അധികൃതർ വാഹനത്തെ പിന്തുടർന്ന് ജനറൽ ആശുപത്രി സ്റ്റോപ്പിൽ വെച്ച് ബസിനെ തടയുകയായിരുന്നു.
അപകടത്തിൽ തങ്ങളുടെ വാഹനത്തിനുണ്ടായ കേടുപാടുകൾ പരിഹരിച്ചു നൽകാതെ ബസ് മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് പഞ്ചായത്ത് അധികൃതർ നിലപാടെടുത്തതോടെ സ്ഥലത്ത് നേരിയ തർക്കവും ഗതാഗത തടസവുമുണ്ടായി. വാഹനം അപകടത്തിൽപ്പെട്ടതിലൂണ്ടായ തകരാർ തന്നെ കൊണ്ട് പരിഹരിക്കാൻ സാധിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ നിലപാടെടുത്തതോടെ വാക്കുതർക്കമായി.
ഒടുവിൽ നിയമനടപടികളുമായി മുന്നോട്ടുപോകാമെന്ന ധാരണയിൽ പഞ്ചായത്ത് അധികൃതർ പ്രതിഷേധം അവസാനിപ്പിച്ചു. തർക്കം തുടർന്നതോടെ ജനറൽ ആശുപത്രിയിൽനിന്ന് ചികിത്സ കഴിഞ്ഞെത്തിയ രോഗികളും സ്കൂൾ വിദ്യാർഥികളും ബസിലിരുന്ന് ബുദ്ധിമുട്ടി. അവസാനം ബസ് ട്രിപ്പ് അവസാനിപ്പിച്ച് യാത്രക്കാരെ മറ്റു ബസിലേക്ക് കയറ്റിവിട്ടാണ് പ്രശ്നം പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.