അബ്ദുന്നാസിർ മഅ്ദനി

അബ്ദുന്നാസിർ മഅ്ദനി നാളെ നാട്ടിലെത്തും; അൻവാർശേരിയിലേക്ക് പോകും

കൊച്ചി: സ്ഥിരമായി കേരളത്തിൽ കഴിയാൻ സുപ്രീംകോടതി അനുമതി നൽകിയ പശ്ചാത്തലത്തിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി വ്യാഴാഴ്ച നാട്ടിലെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മഅ്ദനി കൊല്ലം അൻവാർശേരിയിലേക്ക് പോകും.

കൊല്ലം ജില്ല വിട്ടുപോകരുതെന്ന ഉപാധിയിൽ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞദിവസം ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. വിചാരണ പൂർത്തിയായത് കണക്കിലെടുത്താണ് 2014 ജൂലൈ 11ന് പുറപ്പെടുവിച്ച ജാമ്യവ്യവസ്ഥയില്‍ പരിഷ്‌കരണം വരുത്തി ഉത്തരവിടുന്നതെന്നും ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ തീര്‍പ്പാക്കുന്നതായും ബെഞ്ച് വ്യക്തമാക്കിയിരുന്നു.

വിചാരണ പൂര്‍ത്തിയായെന്നും മഅ്ദനി ഇനി ബംഗളൂരുവില്‍ തുടരേണ്ട ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകരായ കപിൽ സിബലും ഹാരിസ് ബീരാനും കോടതിയെ അറിയിച്ചു. ഇതു കോടതി അംഗീകരിക്കുകയായിരുന്നു. കിടപ്പിലായ പിതാവിനെ സന്ദര്‍ശിക്കാൻ ഏപ്രില്‍ 17ന് മഅ്ദനിക്ക് സുപ്രീംകോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നല്‍കിയിരുന്നു. എന്നാല്‍, സുരക്ഷാ ചെലവിനത്തില്‍ അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ 60 ലക്ഷം രൂപ ഒടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ യാത്ര ഒഴിവാക്കി.

കോൺഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഇക്കാര്യത്തില്‍ ഇളവ് നൽകിയതോടെ ജൂൺ 26ന് അദ്ദേഹം ബംഗളൂരുവിൽനിന്ന് വിമാനമാർഗം കൊച്ചിയിൽ എത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ യാത്ര ചെയ്യാനായില്ല. ഒടുവിൽ പിതാവിനെ കാണാനാകാതെ ബംഗളൂരുവിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

Tags:    
News Summary - Abdul Nasser Madani will return home tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.