‘24 മണിക്കൂറും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥ’; അബ്ദുന്നാസിർ മഅ്ദനി ആശുപത്രി വിട്ടു

കൊച്ചി: ഒന്നര മാസത്തെ ചികിത്സക്കുശേഷം പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി വീട്ടിലേക്ക് മടങ്ങി. എറണാകുളത്തെ വീട്ടിലാണ് അദ്ദേഹം താമസിക്കുക. കര്‍ശനമായ സന്ദര്‍ശക നിയന്ത്രണത്തോടെയും മെഡിക്കല്‍ സംഘത്തിന്‍റെ പരിചരണത്തിലുമാണ് വീട്ടിലേക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയത്.

എല്ലാവരുടെയും പ്രാർഥനകൾ ഇനിയും തുടരണമെന്ന് മഅ്ദനി പറഞ്ഞു. 24 മണിക്കൂറും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണ്. 24 മണിക്കൂറും വയറ്റിൽ ഡയാലിസിസിന്‍റെ ബാഗ് കിടക്കുകയാണ്. ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവന്നു. കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഫെബ്രുവരി 20നാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡയാലിസിസ് ആരംഭിക്കുകയായിരുന്നു. ഇതിനിടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. കടുത്ത ശ്വാസതടസ്സവും ശ്വാസകോശത്തിലെ വെള്ളക്കെട്ടും ഉയർന്ന രക്തസമ്മർദവുമായിരുന്നു ആരോഗ്യസ്ഥിതി വഷളാകാൻ കാരണം.

ഹൃദയസംബന്ധമായ തകരാറുകളുണ്ടോയെന്നറിയാൻ ആൻജിയോഗ്രാം പരിശോധനകളും നടത്തിയിരുന്നു. ദിനേനയുള്ള പെരിറ്റോണിയല്‍ ഡയാലിസിസ് മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ വീട്ടില്‍ തുടരുന്നതിനാണ് തീരുമാനം.

Tags:    
News Summary - Abdul Nasser Madani left the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.