ആഗോള അയ്യപ്പ സംഗമം; കണക്കിലെ കളി

കൊച്ചി: പമ്പാ തീരത്ത് ദേവസ്വം ബോർഡിന്റെ നേതൃത്യത്തിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ വരവുചെലവ് കണക്കുകളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് ഹൈകോടതി വിശദീകരണം തേടി. അയ്യപ്പസംഗമം വഴി ബോർഡിന് 3.40 കോടി രൂപ കടംവന്നുവെന്ന് സ്വതന്ത്ര ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്, സംസ്ഥാന ഓഡിറ്റ് വകുപ്പ് എന്നിവയിൽ നിന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം വൈഞ്ച് വിശദീകരണം തേടിയത്. ഈ മാസം 27നകം വിശദീകരണം നൽകണം.

2025 സെപ്റ്റംബർ 25നാണ് അയ്യപ്പസംഗമം നടത്തിയത്. ഇതിനായി പൊതുഫണ്ട് വിനിയോഗിക്കില്ലെന്നായിരുന്നു ബോർഡ് വ്യക്തമാക്കിയിരുന്നത്. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി നിർദേശിക്കുകയും ചെയ്തു. തുടർന്ന് ബോർഡിന് വേണ്ടി വിജയൻ ആൻഡ് അസോസിയേറ്റ് എന്ന ചാർട്ടേഡ് അക്കൗണ്ട് സ്ഥാപനമാണ് ഓഡിറ്റ് നടത്തിയത്.

അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റിട്ട്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷന് ടെൻഡറില്ലാതെ കരാർ ചെയ്തുനൽകിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വേദിയുടെ അളവെടുപ്പിലും വി.ഐ.പികളുടെ ഭക്ഷണച്ചലവിലും പൊരുത്തക്കേട് കണ്ടെത്തി. അതിഥികൾക്ക് നൽകാനായി 4100 പാക്കറ്റ് വീതം അപ്പം, അരവണ, വിഭൂതി, മഞ്ഞൾ, കുങ്കുമം, ആടിയശിഷ്ടം നെയ് ഒരു കിലോ ചന്ദനം എന്നിവ കരുതിയിരുന്നു. ഇവയുടെ തുക രേഖപ്പെടുത്തിയിട്ടില്ല.

ഉപകരാർ കൊടുത്തതിന്റെ ബില്ലുകൾ ഓഡിറ്റിങ്ങിന് കിട്ടിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കലാപരിപാടികൾക്ക് എട്ടുലക്ഷം ചെലവായെന്ന് കാണിച്ചിട്ടുണ്ടെങ്കിലും രണ്ടുലക്ഷത്തിന്റെ വൗച്ചറുകൾ മാത്രമാണുള്ളത്. ജി.എസ്.ടി, ഇൻപുട് ടാക്സ് ഇനങ്ങളിലും പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി വിശദീകരണം തേടിയത്.

അതേസമയം, അയ്യപ്പസംഗമത്തിനുള്ള തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുമെന്നാണ് സർക്കാറും ബോർഡും പറഞ്ഞിരുന്നതെങ്കിലും വിചാരിച്ച പിരിവ് കിട്ടാതെ ബോർഡിന് 3.40 കോടി കടബാധ്യതയുണ്ടായെന്ന് ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്.

അഞ്ചുകോടി രൂപയാണ് സംഗമത്തിന് ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, എട്ടു കോടി ചെലവായി. ബോർഡിന്റെ ഫണ്ടിൽ നിന്ന് മുൻകൂറായെടുത്ത രണ്ടു കോടിയും തിരികെയെത്താതെ വന്നതോടെയാണ് ഇത്രയുംകടം വന്നത്.

കണക്ക് പറയേണ്ടത് ദേവസ്വം ബോർഡ് -മന്ത്രി

ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമാണെന്നും ഇതിന് നാല് കോടി രൂപ സ്പോൺസർഷിപ് ഇനത്തിൽ കിട്ടിയെന്ന് അറിയാമെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണ്. അയ്യപ്പ സംഗമം കാരണമാണ് സ്വർണക്കൊള്ള പുറത്തുവന്നതെന്നും മന്ത്രി പറഞ്ഞു.

വീണ്ടും പരിശോധിക്കും -കെ. ജയകുമാർ

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്ക് സെറ്റിൽ ചെയ്യാനുണ്ടെന്നും സ്പോൺസർഷിപ്പിലൂടെ നാല് കോടി രൂപ കിട്ടിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ പറഞ്ഞു. എന്നാൽ സംഗമത്തിന് ഏഴ് കോടിയോളം ചെലവായെന്നാണ് കണക്ക്. അത് പരിഹരിക്കാൻ ബോർഡ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈമാസം 17നാണ് ദേവസ്വം ബോർഡ് യോഗം ചേരുക. കൂടുതൽ സ്പോൺസർഷിപ് കിട്ടാൻ അതിൽ ശ്രമിക്കും. ചെലവുകൾ വീണ്ടും പരിശോധിച്ച് എങ്ങനെ പരിഹരിക്കാമെന്ന് നോക്കും. യോഗം കഴിയുമ്പോൾ എല്ലാം പറയാമെന്നും ജയകുമാർ പറഞ്ഞു.

Tags:    
News Summary - Aagola ayyappa sangamam; Audit report reveals debt of Rs 3.40 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.