ശസ്​ത്രക്രിയ ഭയന്ന് വീട്ടിലേക്ക് മടങ്ങിയ ആദിവാസി യുവതി  കെ.എസ്.ആർ.ടി.സി ബസിൽ പ്രസവിച്ചു

കൽപറ്റ: ശസ്​ത്രക്രിയ ഭയന്ന്​ വീട്ടിലേക്ക്​ മടങ്ങിയ ആദിവാസി യുവതി കെ.എസ്.ആർ.ടി.സി ബസിൽ പ്രസവിച്ചു. അമ്പലവയൽ കാരാപ്പുഴ നെല്ലറച്ചാൽ വില്ലൂന്നി കോളനിയിലെ ബിജുവി​​െൻറ ഭാര്യ കവിതയാണ് (21)ബസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. കോഴിക്കോട്ടുനിന്ന്​ ബത്തേരിയിലേക്കുള്ള യാത്രക്കിടെ ശനിയാഴ്ച രാവിലെ 9.30നാണ്​ സംഭവം. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അഡ്​മിറ്റായിരുന്ന കവിതക്ക്​ ശസ്​​ത്രക്രിയ നടത്തുമെന്നു​ ഭയന്ന്​ ആശുപത്രി അധികൃതരെ അറിയിക്കാതെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. 

യാത്രാമധ്യേ ചുരത്തിൽ എത്തിയപ്പോഴാണ്​ കവിതക്ക്​ വേദന അനുഭവപ്പെട്ട​െതന്ന് ബിജു പറഞ്ഞു. ബസ്​ കൽപറ്റ കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപം എത്തിയപ്പോഴാണ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ പ്രസവം അറിഞ്ഞത്. ബത്തേരി ഡിപ്പോയിലെ ഡ്രൈവർ ടി. സുനിൽകുമാറും കണ്ടക്ടർ വി.കെ. ബാനിഷുമാണ്​ ബസിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ബസിൽ യാത്രക്കാരായ പൊലീസുകാരോട്​ ഇവർ വിവരം പറയുകയും ഡ്രൈവർ സുനിൽകുമാർ ബസ് ഉടൻ കൽപറ്റ ലിയോ ആ​​ശുപത്രിയിലേക്ക് തിരിക്കുകയും ചെയ്​തു. അമ്മയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

കവിതയും ബിജുവും ബസിൽ ഏറ്റവും പിറകിലെ സീറ്റിലായിരുന്നു. അമ്മയും സഹോദരിയും ഒപ്പം ഉണ്ടായിരുന്നു. രക്തസമ്മർദം കൂടുതലായതിനാൽ മാർച്ച് ഒന്നുമുതൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കവിത. മൂന്നു​മാസം കഴിഞ്ഞ് മാത്രമേ പ്രസവിക്കുകയുള്ളൂവെന്നും ആ സമയത്ത്​ ചിലപ്പോൾ ശസ്​ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നത്രെ. രാവിലെ ആറിനാണ് ആശുപത്രി വിട്ടത്​. 

ആശുപത്രിയിലുള്ള അമ്മയെയും കുഞ്ഞിനെയും മന്ത്രി വി.എസ്. സുനിൽകുമാറും സി.കെ. ശശീന്ദ്രൻ എം.എൽ.എയും സന്ദർശിച്ചു. ആശുപത്രി ചെലവ്​ മുഴുവൻ സർക്കാർ ഏറ്റെടുക്കുമെന്ന് സി.കെ. ശശീന്ദ്രൻ അറിയിച്ചു. ജില്ല കലക്ടർ എസ്. സുഹാസ്, ഐ.ടി.ഡി.പി പ്രോജക്​ട്​ ഓഫിസർ പി. വാണിദാസ് എന്നിവരും സന്ദർശിച്ചു. അടിയന്തര സഹായമായി 5000 രൂപ നൽകി. കെ.എസ്.ആർ.ടി.സി ബത്തേരി ഡിപ്പോ എൻജിനീയർ പ്രശാന്ത് കൈമൾ, സൂപ്രണ്ട് ഷീഷ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർ ആശുപത്രിയിലെത്തി യുവതിയെയും കുടുംബത്തെയും സന്ദർശിക്കുകയും മധുരപലഹാരങ്ങൾ കൈമാറുകയും ചെയ്തു. കുട്ടിക്ക് തൂക്കം കുറവാണെന്നും അമ്മക്ക്​ രക്തസമ്മർദം കൂടുതലായതിനാൽ പ്രസവശേഷം അപസ്മാരം ഉണ്ടാവാൻ സാധ്യതയുണെന്നും അതിനാൽ തുടർചികിത്സ ആവശ്യമാണെന്നും ലിയോ ആശുപത്രി എം.ഡി ഡോ. ടി.പി.വി. സുരേന്ദ്രൻ പറഞ്ഞു. 


 

Tags:    
News Summary - Aadivasi Deliverd At KSRTC - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.