റഹീമും സന്തോഷും പത്രിക സമർപ്പിച്ചു, എത്തിയത്​ മുഖ്യമന്ത്രിക്കൊപ്പം

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള എൽ.ഡി.എഫ്​ സ്ഥാനാർഥികളായ എ.എ. റഹീമും പി. സന്തോഷ്‌ കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭയിലെത്തി വരണാധികാരി കവിത ഉണ്ണിത്താന് മുന്നിലാണ് ഇരുവരും പത്രിക സമർപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന അസി.​ സെക്രട്ടറി സത്യൻ മൊകേരി, എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ, മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ. രാജൻ, കെ.എൻ. ബാലഗോപാൽ, കെ. രാധാകൃഷ്ണൻ, ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ, സി.പി.ഐ നിയമസഭാ കക്ഷിനേതാവ് ഇ. ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, എം. വിജയകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

വെള്ളിയാഴ്ച ഉച്ചക്ക്​ 2.30നാണ് ഇരുവരും നാമനിർദേശ പത്രിക നൽകിയത്​. വലിയ ഉത്തരവാദിത്തമാണ്​ പാർട്ടിയും മുന്നണിയും ഏൽപിച്ചിരിക്കുന്നതെന്നും ഭരണഘടന മൂല്യങ്ങൾ വലിയതോതിൽ വെല്ലുവിളിക്കപ്പെടുന്ന ഘട്ടത്തിൽ രാജ്യത്തിന്‍റെ മതനിരപേക്ഷതക്കും ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാനുമുള്ള പാർലമെന്‍റിലെ പോരാട്ടങ്ങളുടെ ഭാഗമാകുമെന്നും പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട എ.എ. റഹീം പറഞ്ഞു.

ഗുരുതര സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ ഇടതുപക്ഷ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് പാർലമെന്‍റിൽ പരമാവധി പോരാട്ടം നടത്താൻ പരിശ്രമിക്കുമെന്ന് പി. സന്തോഷ് കുമാർ പറഞ്ഞു. തുടർന്ന്,​ ഇരുവരും സ്പീക്കർ എം.ബി. രാജേഷിനെ ഓഫിസിലെത്തി സന്ദർശിച്ചു. മൂന്ന്​ രാജ്യസഭാ സീറ്റുകളില്‍ എൽ.ഡി.എഫിന്​ വിജയസാധ്യതയുള്ള രണ്ടെണ്ണത്തിൽ സി.പി.എമ്മും സി.പി.​ഐയുമാണ്​ മത്സരിക്കുന്നത്​.

ഡി.വൈ.എഫ്​.ഐ അഖിലേന്ത്യ സെക്രട്ടറിയായ എ.എ. റഹീം സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയാണ്. സി.പി.​ഐ കണ്ണൂര്‍ ജില്ല സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി. സന്തോഷ്‌കുമാര്‍ എ.ഐ.വൈ.എഫ്​ മുന്‍ ദേശീയ സെക്രട്ടറിയാണ്​.

Tags:    
News Summary - AA Rahim and P Santhosh Kumar submitted the petition and arrived with the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.