അൽത്താഫ്
വർക്കല: ചായക്കടയിലെ വാക്കുതർക്കം കത്തിക്കുത്തിൽ; യുവാവിന് പരിക്ക്. പ്രതിയായ യുവാവ് പിടിയിൽ. മേൽവെട്ടൂർ ജങ്ഷനിലെ ചായക്കടയിൽ ചായ കുടിക്കാനെത്തിയ വെട്ടൂർ വലയന്റെകുഴി സ്വദേശി രാഹുലി (26) നാണ് കുത്തേറ്റത്. വെട്ടൂർ അരിവാളം ദാറുൽസലാമിൽ അൽത്താഫ് (38) ആണ് പിടിയിലായത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ മേൽവെട്ടൂർ ജങ്ഷനിലാണ് സംഭവം. ചായക്കടയിലെ പഴംപൊരിയിലെ രുചിയില്ലായ്മ ചൂണ്ടിക്കാട്ടി കടയുടമയുമായി രാഹുൽ സംസാരിക്കവെ കടയിൽ ചായകുടിക്കുകയായിരുന്ന വെട്ടൂർ അരിവാളം സ്വദേശി അൽത്താഫ് പ്രശ്നത്തിലിടപെട്ട് സംസാരിച്ചു. തുടർന്ന്, രാഹുലും അൽത്താഫും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായെന്നാണ് പൊലീസ് നൽകുന്ന വിവരം. വാക്കേറ്റത്തിനിടെ, അൽത്താഫ് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് രാഹുലിന്റെ മുതുകത്ത് കുത്തിപ്പരിക്കേൽപിച്ച ശേഷം വാഹനത്തിൽ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ രാഹുൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിവരമറിഞ്ഞെത്തിയ വർക്കല പൊലീസ് നടത്തിയ തിരച്ചിലിലാണ് അൽത്താഫ് പിടിയിലായത്. ഇയാൾ അഞ്ചുതെങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.