കോൺഗ്രസിന്​ മുസ്​ലിംലീഗിന് കീഴ്പ്പെടേണ്ടിവന്നു, പത്തോളം സീറ്റുകളിൽ വിജയിച്ചത്​ ബി.ജെ.പി വോട്ട്​ കൊണ്ട്​ -എ.വിജയരാഘവൻ

 തിരുവനന്തപുരം: യു.ഡി.എഫിനും മുസ്​ലിംലീഗിനുമെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ.ജനവിധിയിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ കോൺഗ്രസും യു.ഡി.എഫും തയ്യാറാകുന്നുവെങ്കിൽ അത്രയും നല്ലതാണെന്നും വി.ഡി സതീശ​െൻറ സാമുദായിക സംഘടനകൾക്കെതിരായ നിലപാടിന്​ മുതിർന്ന നേതാക്കളിൽ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും വിജയരാഘവൻ ആരോപിച്ചു. മതാധിഷ്​ഠിത പാർട്ടിയായി മാറിക്കൊണ്ടിരിക്കുന്ന മുസ്​ലിംലീഗിന്​ കീഴ്​പ്പെട്ട കോൺഗ്രസ്​ പത്തോളം മണ്ഡലങ്ങളിൽ വിജയിച്ചത്​ ബി.ജെ.പി വോട്ടുകൊണ്ടാണെന്നും വിജയരാഘവൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.

''സാമുദായിക സംഘടനകൾ കോൺഗ്രസി​െൻറ കാര്യം തീരുമാനി​ക്കരുതെന്ന സതീശ​െൻറ നിലപാട്​ കഴിഞ്ഞ ആറുപതിറ്റാണ്ടു കാലം കോൺഗ്രസ്‌ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകൾക്ക് കടകവിരുദ്ധമായ സമീപനമാണ്. കേരളത്തിന്റെ പൊതുബോധത്തിൽ വർഗീയതയ്‌ക്കും പ്രതിലോമതയ്ക്കും മാന്യസ്ഥാനം കിട്ടുന്ന നിലപാടാണ് കോൺഗ്രസ്‌ സ്വീകരിച്ചുപോന്നത്. സതീശ​െൻറ പ്രസ്താവനയ്ക്കുശേഷവും അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്ക് അനുകൂലമായി കോൺഗ്രസിൽനിന്നോ യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളിൽനിന്നോ പിന്തുണ ലഭിച്ചതായി കാണുന്നില്ല.കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ നിശബ്​ദത പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുമുണ്ട്​''

''കോൺഗ്രസിന്റെ നിലപാടുകളെ മുസ്​ലിംലീഗ് അട്ടിമറിക്കുന്നു എന്ന വിമർശം തെരഞ്ഞെടുപ്പ് വേളയിൽ സി.പി.എം ഉയർത്തിയിരുന്നു. അതിന്റെ പേരിലാണ് സി.പി.എം മുസ്​ലിം വിരുദ്ധ നിലപാട് എടുക്കുന്നെന്ന്​ ലീഗ്​ പറഞ്ഞത്​. യു.ഡി.എഫിലെ അനൗപചാരിക ഘടകകക്ഷിയായ ജമാഅത്തെ ഇസ്​ലാമിയും ഈ പ്രചാരണത്തിന്റെ മുമ്പിലുണ്ടായിരുന്നു. എന്നാൽ, മുസ്ലിം ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല.

സംസ്ഥാനത്താകെ വെൽഫയർ പാർടിയുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കി. മാത്രമല്ല, നിയമസഭ തെരഞ്ഞെടുപ്പിലും ഈ ബന്ധം തുടർന്നു. മതനിരപേക്ഷ കക്ഷിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, കൂടുതൽ കൂടുതൽ മതാധിഷ്​ഠിതമായി നീങ്ങുന്ന ലീഗിന് കീഴ്പ്പെടേണ്ടിവന്നു. മാത്രമല്ല, ഇതര മുസ്ലിം സംഘടനകളെ യോജിപ്പിച്ച് സർക്കാരിനെതിരെ മുന്നോക്ക സംവരണത്തിനെതിരെ സമരം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി. ഇതുവഴി സാമുദായിക ധ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായിരുന്നു ലീഗിന്റെ പരിപാടി''.

''ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യാൻ തീരുമാനിച്ചതിനെ ദുർവ്യാഖ്യാനിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനും ലീഗ് ശ്രമിച്ചു. മുസ്​ലിങ്ങളും ക്രിസ്ത്യാനികളും മതന്യൂനപക്ഷങ്ങളാണ്. ഇരുവിഭാഗത്തിനും പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വകുപ്പ് കൈകാര്യം ചെയ്യുന്നതിനെ അഭിനന്ദിക്കുന്നതിന് പകരം ഇത്‌ മുസ്ലിം സമുദായത്തിനെതിരായ നീക്കമാണെന്ന് പ്രചരിപ്പിക്കാനാണ് ലീഗ് ശ്രമിച്ചത്. ഇക്കാര്യത്തിലും ലീഗിനെ തിരുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല ഭൂരിപക്ഷ വർഗീയതയുമായി കോൺഗ്രസ് എന്നും ചങ്ങാത്തത്തിലായിരുന്നു. മൃദുഹിന്ദുത്വനയം സ്വീകരിച്ചുകൊണ്ട് ആർ.എസ്‌.എസി​നെ നേരിടാമെന്നാണ് കോൺഗ്രസ് കരുതുന്നത്. മൃദുഹിന്ദുത്വം ഇപ്പോൾ കോൺഗ്രസിന്റെ ദേശീയ നയമായി മാറി. പലഘട്ടങ്ങളിലും ഹിന്ദുവർഗീയതയുമായി മത്സരിക്കാനും കോൺഗ്രസ് തയ്യാറാകുന്നു. വോട്ടും സീറ്റും കിട്ടാൻ നൂറോളം മണ്ഡലത്തിൽ ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടാക്കി. കോൺഗ്രസ് ടിക്കറ്റിൽ പത്തുപേരെങ്കിലും ജയിച്ചത് ബി.ജെ.പിയുടെ വോട്ട് നേടിയാണ്'' -വിജയരാഘവൻ അഭിപ്രായപ്പെട്ടു. 

Tags:    
News Summary - A Vijayaraghavan attacks cpim and congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.