50 വർഷത്തെ ചലച്ചിത്ര ജീവിതത്തിന്റെ ഉടമ, ഇതിൽ ഏറിയ കാലവും
സ്വന്തം സിനിമയുണ്ടാക്കുക എന്നതിനപ്പുറം മലയാള സിനിമയുടെ
വളർച്ചക്ക് പ്രയത്നിച്ച പ്രതിഭ. പ്രാദേശിക ഭാഷയിൽ ഒരുക്കിയ
സിനിമകളെ രാജ്യാന്തരവേദിയിലെത്തിച്ച ചലച്ചിത്രപ്രേമി, ഫിലിം മേക്കർ
എന്നതിനപ്പുറം മലയാള സിനിമയുടെ പോളിസി മേക്കർ...
ഷാജി എൻ. കരുണിനുള്ള വിശേഷണങ്ങൾ ഇനിയുമേറെയാണ്.
ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ അവസാന റീലുകൾ ഓടിയ എഴുപതുകളുടെ അന്ത്യത്തിലാണ് ഷാജി എൻ. കരുണിന്റെ ജീവിതം കളറാകുന്നത്. അരവിന്ദന് ചിത്രമായ കാഞ്ചനസീതയിലൂടെ അടയാളപ്പെട്ടുതുടങ്ങിയ ഷാജി, ഒന്നിനു പിറകെ ഒന്നായി ദേശീയ, അന്തർ ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയായിരുന്നു മഹാപ്രതിഭകളുടെ നിരയിലേക്ക് വളർന്നത്.
വെള്ളിത്തിരയിൽ കവിതപോലെ മനോഹരമായ കാഞ്ചനസീതയുടെ ഷോട്ടുകൾ ഷാജിക്ക് ആദ്യത്തെ സംസ്ഥാന പുരസ്കാരം സമ്മാനിച്ചു. അങ്ങനെ ഫ്രെയിമുകളിലെ മാജിക്കുകൾ സൃഷ്ടിച്ച് 40 ഓളം ചിത്രങ്ങളിൽ കാമറമാനായി. പഞ്ചവടിപ്പാലവും ചിദംബരവും പോക്കുവെയില്‍, ഒരിടത്ത്, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, കൂടെവിടെ, അരപ്പട്ടകെട്ടിയ ഗ്രാമം ഇങ്ങനെ ഷാജിയുടെ ഛായാഗ്രാഹണത്തില്‍ ചര്‍ച്ചയായ സിനിമകള്‍ ഏറെയായിരുന്നു.
പ്രതിഭാധനരായ സംവിധായകർക്കൊപ്പമുള്ള പ്രവർത്തന പരിചയം വ്യൂ ഫൈൻഡറിന്റെ പിന്നിൽ നിന്ന് ഷാജിയെ കാമറക്ക് മുന്നിലെത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കോഴിക്കോട് റീജനല്‍ എൻജിനീയറിങ് കോളജിലെ വിദ്യാർഥിയായിരുന്ന രാജന്റെ ജീവിതത്തിന് ആക്ഷൻ പറയുമ്പോൾ മറ്റൊരു ഇതിഹാസ സംവിധായകന്റെ' പിറവി' മലയാള സിനിമാലോകം കണ്ടു.
ലോക ചലച്ചിത്രമേളയിൽ പിറവിയോളം ഇത്രയും അടയാളപ്പെട്ട മറ്റൊരു മലയാള സിനിമയുണ്ടായിട്ടില്ല. എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 31 രാജ്യാന്തര പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. ‘സ്വം’ കാനിൽ പാംഡിയോറിന് നാമനിർദേശം ചെയ്തു. ‘വാനപ്രസ്ഥം’ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിച്ചു. കാനിൽ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിച്ച മൂന്ന് ചിത്രങ്ങളുടെ സംവിധായകനെന്ന നേട്ടം ഷാജിക്ക് മാത്രം അർഹതപ്പെട്ടതാണ്.
ആദ്യ ചാർലി ചാപ്ലിൻ പുരസ്കാരം മലയാള സിനിമക്ക് ലഭിക്കുന്നത് 1989ൽ പിറവിയിലൂടെയാണ്. അന്ന് ലണ്ടൻ ടൈംസ് ഒന്നാം പേജിൽ എഴുതിയത് 'അവാർഡ് ഷിഫ്റ്റ്സ് ടു ഇന്ത്യ' എന്നായിരുന്നു. ബ്രിട്ടീഷ് രാജ്ഞിയുടെ ശിൽപിയെന്നറിയപ്പെടുന്ന പാബ്ലോസി രൂപകൽപന ചെയ്ത ശിൽപവുമായി കേരളത്തിലേക്ക് ബ്രിട്ടീഷ് എയർവേസിൽ കയറിയ ഷാജിയെ യാത്രക്കാരെല്ലാം കൈയടിച്ചാണ് സ്വീകരിച്ചത്.
മലയാളത്തിലെ നവതരംഗ സിനിമയുടെ പ്രയോക്താവും പതാക വാഹകനുമായിരുന്നു ഷാജി എൻ. കരുൺ. സിനിമയെ സർഗപരവും സൗന്ദര്യാത്മകവും കലാപരവുമായി ഉപയോഗിക്കുന്ന മാധ്യമമായി നിലനിർത്തുമ്പോൾ തന്നെ രാഷ്ട്രീയ വ്യതിരിക്തത കൊണ്ട് അടയാളപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
ചലച്ചിത്ര സംവിധാന രംഗത്ത് മാത്രമല്ല, മലയാള സിനിമയെ പരിപോഷിപ്പിക്കുന്നതിനുള്ള ഇടപെടലുകളിലും ഷാജി എൻ. കരുൺ സജീവ സാന്നിധ്യമായിരുന്നു. 1975ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ രൂപവത്കരണവേളയില്‍ അതിന്റെ ആസൂത്രണത്തില്‍ മുഖ്യപങ്കുവഹിച്ചു. 1976ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫിസറായി ചുമതലയേറ്റു.
1998ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാനായിരുന്നു. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.കെ ഇന്ന് കാണുന്ന തരത്തിലേക്ക് വളർത്തിയെടുക്കുന്നതിൽ ഷാജി എൻ. കരുണിന്റെ സംഭാവന നിസ്തുലമാണ് .
ലോകത്തെ മികച്ച സിനിമകൾ കേരളത്തിലേക്ക് എത്തിക്കുക, അവയുടെ മത്സരം സംഘടിപ്പിക്കുക, സിനിമകൾ വിലയിരുത്താൻ പ്രഗല്ഭരടങ്ങിയ ജൂറിയെ കണ്ടെത്തുക, ലോക ചലച്ചിത്രകാരന്മാരെ കേരളത്തിലേക്കെത്തിക്കുക, രാജ്യാന്തര ഫെസ്റ്റിവൽ മാനദണ്ഡങ്ങളനുസരിച്ച് സിനിമകൾ എത്തിക്കുക എന്നതെല്ലാം പ്രാരംഭ ഘട്ടത്തിൽ ശ്രമകരമായിരുന്നു. അതിനെയെല്ലാം നേതൃനിരയിൽ നിന്നുകൊണ്ടുതന്നെ അദ്ദേഹം മറികടന്നു.
പുരോഗമന രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്നു അദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു. പുരോഗമന രാഷ്ട്രീയത്തിനെതിരെ എപ്പോഴൊക്കെ വെല്ലുവിളികൾ ഉയരുന്നുവോ അതിനെ പ്രതിരോധിക്കാൻ ആദ്യം ഉയരുന്ന ശബ്ദങ്ങളിലൊന്ന് ഷാജി എൻ. കരുണിന്റേതായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമ മേഖലയിൽ പുതിയ നയം രൂപവത്കരിക്കാനാൻ ഇടത് സർക്കാർ തയാറാകുമ്പോഴും അതിന്റെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാൻ മറ്റൊരു പേര് സാംസ്കാരിക വകുപ്പിനുണ്ടായിരുന്നില്ല. സിനിമ നയത്തിന്റെ രൂപവത്കരണം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്തിമഘട്ടത്തിലായിരുന്നു. വരാന്‍ പോകുന്ന സിനിമ കോണ്‍ക്ലേവിന്റെ മുഖ്യസംഘാടകനും ഷാജിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.