ഗാന്ധിനഗർ (കോട്ടയം): ഓടുന്ന പച്ചക്കറി ലോറിയിൽനിന്ന് വീണ കയർ കാലിൽ കുരുങ്ങി കാൽനടക്കാരന് ദാരുണാന്ത്യം. 100 മീറ്റർ റോഡിലൂടെ വലിച്ചിഴക്കപ്പെട്ട ശരീരം വൈദ്യുതി പോസ്റ്റിൽ ഇടിച്ചുതെറിച്ചാണ് മരണം. ശരീരത്തിൽനിന്ന് വേർപെട്ട കാലും കയറും 200 മീറ്റർ മാറിയാണ് റോഡിൽ വീണത്. ചുങ്കം പനയക്കഴിപ്പ് പള്ളിപ്പുറത്തുമാലിൽ സഹോദരനൊപ്പം വാടകക്കു താമസിക്കുന്ന ഇടുക്കി കട്ടപ്പന അമ്പലക്കവല എം.ബി കോളനിയിൽ പാറയിൽ വീട്ടിൽ ഇ.എസ്. മുരളിയാണ് (46) മരിച്ചത്. ഞായറാഴ്ച പുലർച്ച 5.30 ഓടെ എം.സി റോഡിൽ സംക്രാന്തി ജങ്ഷനിലാണ് അപകടം. ഡ്രൈ ക്ലീനിങ് കടയിലെ ജീവനക്കാരൻ ആയിരുന്ന മുരളി ചായ കുടിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പച്ചക്കറിയുമായി വന്ന ലോറി ഏറ്റുമാനൂരിൽ ഭാഗികമായി ലോഡ് ഇറക്കിയ ശേഷം കോട്ടയത്തേക്കു പോകുമ്പോഴാണ് അപകടം. ഇതിനിടെ കയർ കുരുങ്ങി രണ്ട് ബൈക്ക് മറിഞ്ഞു ദമ്പതികൾക്കും പരിക്കേറ്റു.
പുലർച്ച റോഡിൽ ആളുകൾ കുറവായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആദ്യം ഓട്ടോറിക്ഷക്ക് മുന്നിലാണ് കയർ വീണത്. ഡ്രൈവർ ഓട്ടോ വെട്ടിച്ചതിനാൽ അപകടം സംഭവിച്ചില്ല. തൊട്ടുപിറകെ ഒരു ബൈക്ക് മറിഞ്ഞുവീണു. ആ യാത്രക്കാരനും കാര്യമായ പരിക്കില്ല. തുടർന്നാണ് ബൈക്ക് യാത്രികരായ ദമ്പതികൾ വീണത്. പെരുമ്പായിക്കാട് ഇളയിടത്ത് ബിജു (50), ഭാര്യ ജ്യോതി (45) എന്നിവർക്കാണ് പരിക്ക്.
ഇതിനിടെ, കയർ പോയതറിഞ്ഞ് തിരിച്ചെടുക്കാൻ സംക്രാന്തിയിൽ എത്തിയ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി ജീവരാജിനെ നാട്ടുകാർ തടഞ്ഞുവെച്ച് ഗാന്ധിനഗർ പൊലീസിന് കൈമാറി. പോസ്റ്റ്മോർട്ടത്തിനുശേഷം മുരളിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ചുങ്കം പനയക്കഴിപ്പിലുള്ള സഹോദരന്റെ വസതിയിൽ എത്തിച്ചു. തുടർന്ന് ഭാര്യ വീടായ കട്ടപ്പന അമ്പലക്കവല എം.ബി കോളനിയിലെ പാറയിൽ വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നടക്കും. ഭാര്യ: സുനി. മക്കൾ: ശ്രീദേവി, ശ്രീഹരി (വിദ്യാർഥികൾ).
കയർ വീണ് അപകടമുണ്ടായത് അറിഞ്ഞില്ലെന്നും പച്ചക്കറി റോഡിൽ വീണതോടെ വാഹനം നിർത്തി ഇറങ്ങുകയായിരുന്നുവെന്നും ഡ്രൈവർ പൊലീസിന് മൊഴി നൽകി. ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയടക്കം കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.