കൊച്ചി: മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് തമ്മനം-പൊന്നുരുന്നി റെയില്‍വേ മേൽപാലത്തില്‍ ബൈക്ക് യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം. ചളിക്കവട്ടം ഹൈവേ ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന എളംകുളം തൈപ്പറമ്പില്‍ ഡെന്നി റാഫേല്‍ (46), മകന്‍ പൊന്നുരുന്നി സി.കെ.സി സ്കൂൾ ആറാംക്ലാസ് വിദ്യാർഥി ഡെന്നിസണ്‍ ഡെന്നി (11) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവം.
കാറോടിച്ച പാലക്കാട് കോങ്ങാട് സ്വദേശി സുജിത്തിനെ പാലാരിവട്ടം പൊലീസ് അറസ്‌റ്റ് ചെയ്‌തു. മദ്യപിച്ച് വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യക്കും കേസെടുത്തു. ഒരേ ദിശയിൽ പോകവേ പിന്നിലെത്തിയ സ്കോർപിയോ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽനിന്ന് തെറിച്ച് ഇരുവരും പാലത്തിന്‍റെ കൈവരിയിൽ തലയിടിച്ച് വീണു.
ഡെന്നി റാഫേൽ എളംകുളത്ത് ഹോട്ടൽ ദിവസവാടകക്ക് കൊടുത്തിരുന്നു. വാടക വാങ്ങാൻ മകനുമായി സ്‌കൂട്ടറിൽ പോയി വരുമ്പോഴായിരുന്നു സംഭവം. വാഹനം നിർത്താതെ മുന്നോട്ടുപോയ സുജിത്ത് തിരികെയെത്തി ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷമാണ് ഇരുവരും മരിച്ചത്.
അപകട വിവരമറിഞ്ഞ് വ്യാഴാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞുവീണ ഭാര്യ സോണിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമികചികിത്സ നൽകി. മകൾ: ഡെൻസിയ (സെന്‍റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.